NewsInternational

ഇന്ത്യക്കും പാകിസ്ഥാനും എതിരെയുള്ള ആണവ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി തീരുമാനം ഉടന്‍

ഹേഗ്: ഐക്യരാഷ്ട്ര സഭയുടെ പരമോന്നത കോടതി മാര്‍ഷല്‍ ദ്വീപ സമൂഹം ഉയര്‍ത്തിയ ആണവ കേസില്‍ സുപ്രധാന തീരുമാനം കൈക്കൊള്ളും. ആയുധപ്പന്തയം അവസാനിപ്പിക്കാന്‍ കഴിയാത്ത ഇന്ത്യക്കും പാകിസ്ഥാനും ബ്രിട്ടനുമെതിരെയാണ് മാര്‍ഷല്‍ ഐലാന്‍ഡ് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര കോടതിക്ക് മുന്നില്‍ പരാതി ഉയര്‍ത്തിയത്. മാര്‍ഷല്‍ ഐലാന്‍ഡിന്റെ പരാതിയില്‍ നിയമയുദ്ധം തുടരണമോയെന്നും വിചാരണ ആരംഭിക്കണമോ എന്നുമാണ് യു.എന്‍ കോടതി തീരുമാനിക്കുക.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ 16 അംഗ ബെഞ്ചാണ് ആണവ കേസില്‍ പൂര്‍ണ രീതിയില്‍ വിചാരണ വേണമോ എന്ന കാര്യത്തില്‍ തീരുമാനം പുറപ്പെടുവിക്കുക. ആണവായുധങ്ങളുടെ ദോഷഫലങ്ങള്‍ അനുഭവിക്കുന്ന പ്രധാന കേന്ദ്രമായി പസഫക് സമുദ്രത്തിലെ ദ്വീപസമൂഹം മാറുന്നതോടെയാണ് ന്യൂക്ലിയര്‍ കേസിന് പ്രസക്തി കൈവന്നത്.

2014ല്‍ 9 രാജ്യങ്ങള്‍ക്കെതിരെയാണ് പരാതിയുമായി ഐക്യരാഷ്ട്ര സഭയില്‍ മാര്‍ഷ്യല്‍ ദ്വീപ് എത്തിയത്. 1968ലെ ആണവ നിര്‍വ്യാപന കരാറുമായി സഹകരിക്കാത്ത രാജ്യങ്ങള്‍ക്കെതിരെയായിരുന്നു പരാതി.
എന്നാല്‍ ചൈന, ഫ്രാന്‍സ്, ഇസ്രയേല്‍, ഉത്തര കൊറിയ, റഷ്യ, യുഎസ് എന്നീ രാഷ്ട്രങ്ങള്‍ കോടതിയുടെ നീതിന്യായ പരിധി അംഗീകരിക്കാറില്ല. ഇസ്രയേല്‍ ഔദ്യോഗികമായി ആണാവായുധങ്ങളുണ്ടെന്ന് അംഗീകരിച്ചിട്ട് പോലുമില്ല. അതിനാല്‍ ഇന്ത്യ, പാകിസ്ഥാന്‍, ബ്രിട്ടന്‍ എന്നിവയ്‌ക്കെതിരെയാണ് നിലവില്‍ പരാതി നിലനില്‍ക്കുന്നത്.

പസഫിക് സമുദ്രത്തിലെ ആണവ പരീക്ഷണങ്ങളുടെ ആഘാതമേറ്റു വാങ്ങുന്ന ‘ഗ്രൗണ്ട് സീറോ’ പ്രദേശമായണ് മാദുരോ തലസ്ഥാനമായ മാര്‍ഷല്‍ ദ്വീപ്. 1156 ദ്വീപ സമൂഹങ്ങളോട് കൂടിയ ഈ കൊച്ചു രാജ്യത്തില്‍ 68,000 പേരാണ് അധിവസിക്കുന്നത്.

1946 മുതല്‍1958 വരെ അമേരിക്കന്‍ ഐക്യനാടുകള്‍ 67 ആണവ പരീക്ഷണങ്ങളാണ് മേഖലയില്‍ നടത്തിയത്. ശീതസമരത്തില്‍ അമേരിക്ക കോപ്പുകൂട്ടിയ ആണവായുധങ്ങളുടെ പരീക്ഷണപ്പറമ്പായിരുന്നു ഇവിടമെന്നതിനാല്‍ ആണവ ദുരന്തവും ആയുധപ്പന്തയവുമെല്ലാം എന്തായിത്തീരുമെന്ന് ഈ കുഞ്ഞു ദ്വീപരാഷ്ട്രത്തിനറിയാം. ആഗോളതാപനത്തെ തുടര്‍ന്ന് കടല്‍ വിഴുങ്ങുമെന്ന് കരുതുന്ന മാര്‍ഷല്‍ ദ്വീപ് ലോകത്തിലേറ്റവും കൂടുതല്‍ ആണവ മലിനീകരണമുള്ള മേഖലകളില്‍ ഒന്നാണ്.
ആണവ നിര്‍വ്യാപന കരാര്‍ അനുസരിച്ചുള്ള അവശ്യമായ നടപടി ക്രമങ്ങള്‍ മൂന്ന് ആണവ രാജ്യങ്ങളും സ്വീകരിക്കണമെന്നാണ് മാര്‍ഷല്‍ ദ്വീപുകള്‍ ആവശ്യപ്പെടുന്നത്.

shortlink

Post Your Comments


Back to top button