KeralaNews

സംസ്ഥാനത്ത് ഐ.എസ് സ്വാധീനം തടയാന്‍ മുസ്ലിം സംഘടനകള്‍ കൈകോര്‍ക്കുന്നു : യുവാക്കളുടെ ഇടയില്‍ ബോധവത്ക്കരണം

കോഴിക്കോട്: സംസ്ഥാനത്ത് ഐ.എസ്. ബന്ധമാരോപിച്ചുള്ള അറസ്റ്റുകളുടെ പശ്ചാത്തലത്തില്‍ തീവ്ര ആശയങ്ങള്‍ യുവാക്കളില്‍ സ്വാധീനം ചെലുത്തുന്നതു തടയാന്‍ മുസ്ലിം സംഘടനകള്‍ ഒന്നിക്കുന്നു. മുമ്പു മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തിരുന്നെങ്കിലും അഭിപ്രായഭിന്നത മൂലം പ്രാവര്‍ത്തികമായില്ല. പുതിയ സാഹചര്യങ്ങളും ദേശീയ അന്വേഷണസംഘ(എന്‍.ഐ.എ)ത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും പരിഗണിച്ചാണു തീവ്രവാദവിരുദ്ധപ്രചാരണങ്ങള്‍ക്കായി ഒന്നിക്കാന്‍ സംഘടനാനേതാക്കള്‍ തീരുമാനിച്ചത്.

യോജിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയെന്ന നിലയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും ജമാഅത്തെ ഇസ്ലാമി കേരളം ഘടകം അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നവും തമ്മില്‍ ചര്‍ച്ചനടത്തി. ലീഗ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന ഏതു നടപടിക്കും ജമാഅത്തെ ഇസ്ലാമി പിന്തുണ നല്‍കുമെന്നു ശൈഖ് മുഹമ്മദ് കാരക്കുന്ന് കെ.പി.എ. മജീദിന് ഉറപ്പുനല്‍കി.

ഐ.എസ്. ഇസ്ലാമല്ല എന്ന മുദ്രാവാക്യമുയര്‍ത്തി മൂന്നുവര്‍ഷമായി ജമാഅത്തെ ഇസ്ലാമി പ്രചാരണരംഗത്തുണ്ട്. ഐ.എസ്. ചിന്താഗതിയുടെ ഉറവിടം കണ്ടെത്തി തടയാന്‍ സര്‍ക്കാരും മാധ്യമങ്ങളും സഹായിക്കണമെന്നാണ് അവരുടെ ആവശ്യം. മുസ്ലിം യുവാക്കളെ തീവ്രചിന്താഗതി സ്വാധീനിക്കാതിരിക്കാന്‍ ഏതറ്റംവരെ പോകാനും ലീഗും സമസ്തയും തയാറാണെന്നു സമസ്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

തീവ്രവാദത്തിനെതിരായ നീക്കത്തില്‍ ഇതുവരെ നിലപാടു വ്യക്തമാക്കാത്തതു പോപ്പുലര്‍ ഫ്രണ്ടാണ്. നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന് ആഗോളഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. എന്‍.ഐ.എ. പിടികൂടിയവര്‍ക്കു പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളതായി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ കനകമലയില്‍നിന്ന് എന്‍.ഐ.എ. പിടികൂടിയ തിരൂര്‍ പൊന്‍മുണ്ടം സ്വദേശി പോപ്പുലര്‍ ഫ്രണ്ട് അംഗമായിരുന്നെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button