IndiaNews

രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യത : രാജ്യം സുരക്ഷാവലയത്തില്‍

ഗോവ : ചൈനയുടെയും റഷ്യയുടെയുമടക്കം 11 രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ബ്രിക്‌സ് ആന്‍ഡ് ബിംസെക്ട്  ഉച്ചകോടി ഗോവയില്‍ നടക്കാനിരിക്കെ, ഇന്ത്യയില്‍ ഭീകരാക്രമണ ഭീഷണി ശക്തമായി.
ഒക്ടോബര്‍ 15,16 തീയതികളില്‍ ഗോവയിലാണ് ബ്രിക്‌സ് ഉച്ചകോടി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍, ചൈനീസ് പ്രസിഡന്റ് സി ഷിന്‍പിങ് എന്നിവരടക്കം 11 രാഷ്ട്രത്തലവന്മാരാണ് ബ്രിക്‌സ് ആന്‍ഡ് ബിംസെക്ട്
ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്നത്.

കടലിലൂടെ ഭീകരര്‍ എത്താനുള്ള സാധ്യത കൂടുതലായതിനാല്‍, തീരമേഖലയില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ നേരിട്ടാണ് ഉച്ചകോടിയുടെ സുരക്ഷ വിലയിരുത്തുന്നത്. നാവിക സേനയുടെയും തീര സംരക്ഷണ സേനയുടെയും മുതിര്‍ന്ന അധികൃതരുമായി ദോവല്‍ ചര്‍ച്ച നടത്തി. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ സൂചനകളും സംഘം വിലയിരുത്തി.
കരയിലൂടെയും വെള്ളത്തിലൂടെയും ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, പഴുതുകളടച്ചുകൊണ്ടുള്ള സുരക്ഷാ ഏര്‍പ്പാടുകളാണ് നടത്തിയിട്ടുള്ളത്. വെള്ളത്തിനടിയിലൂടെ ശത്രുക്കള്‍ എത്തുന്നതുപോലും പരിഗണിക്കുന്നുണ്ട്. ഗോവ വിമാനത്താവളം പോലുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കമാന്‍ഡോകളെ നിയോഗിച്ചിട്ടുണ്ട്.

ഭീകരര്‍ക്കിടയിലെ ആശയവിനിമയത്തില്‍നിന്നാണ് ബ്രിക്‌സ് ഉച്ചകോടി സമയത്ത് ഭീകരാക്രമണം ഉണ്ടായേക്കുമെന്ന സൂചന ലഭിച്ചത്. ഇതേത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ കെ-9 ഡോഗ് സ്‌ക്വാഡിനാണ് ഉച്ചകോടി നടക്കുന്ന വേദികളുടെയും ഹോട്ടലുകളുടെയും സുരക്ഷാച്ചുമതല.

ഗോവ പൊലീസിനോ ഡോഗ് സ്‌ക്വാഡിനോ ഇത്രയും വിപുലമായ സുരക്ഷാ ഏര്‍പ്പാടുകള്‍ നിര്‍വഹിക്കാനാവില്ല എന്നുകണ്ടാണ് ഐ.ടി.ബി.പിയുടെ സേവനം ആവശ്യപ്പെട്ടത്. ഗോവന്‍ സര്‍ക്കാര്‍ ഇക്കാര്യം നേരിട്ട് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button