KeralaNews

ഇങ്ങനെയും ഒരു കേരളവും ഭരണ സംവിധാനങ്ങളുമോ ?

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ തെറ്റുകൾ തിരുത്താതെ അതാവർത്തിക്കുന്ന രീതിയാണ് ആദിവാസി യുവതിയായ ഗൗരിയുടെ കാര്യത്തിൽ കേരളസർക്കാരും പോലീസും കാണിക്കുന്നത്.കഴിഞ്ഞ മെയ് ആറിനാണ് ഗൗരിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് യു.എ.പി.എ ചുമത്തിയതോടെ ആദിവാസി യുവതിയായ ഗൗരി ജാമ്യം കിട്ടാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണിപ്പോള്‍.അടിയന്തരമായി മുഖ്യമന്ത്രി ഇടപെടേണ്ട പ്രശ്നമാണ് ഇത്.

തിരുനെല്ലി അരണപ്പാറ സ്വദേശിനിയാണ് കുറുമ സമുദായക്കാരിയായ ഗൗരി. ജനകീയ സമരങ്ങളില്‍ സാന്നിധ്യമറിയിച്ചിരുന്ന ഗൗരി തൃശൂരില്‍ റിലയന്‍സ് ഗോഡൗണിനെതിരെ നടന്ന സമരത്തിലും പങ്കെടുത്തിരുന്നു. ഗൗരിക്ക് ജാമ്യം ലഭിക്കാത്തതിന് കോടതിയേയോ ജഡ്ജിയേയോ കുറ്റം പറയാന്‍ കഴിയില്ല. കാരണം അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് യുഎപിഎ നിയമമാണ്. അതുകൊണ്ട് തന്നെ ജഡ്ജിക്ക് ജാമ്യം അനുവദിക്കാന്‍ കഴിയുകയുമില്ല. അതുകൊണ്ട് തന്നെ ഗൗരിയുടെ അന്യായ തടങ്കല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ അനിവാര്യമാണ്.നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിച്ചത് എങ്ങനെ ഭീകരതയാകും?

വോട്ട് ചെയ്യുന്നത് പോലെ തന്നെ പ്രതിഷേധ സൂചകമായി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതും കേരളത്തില്‍ നിത്യസംഭവമാണ്.അതിനു വേണ്ടി നോട്ട സംവിധാനം വരെ ഉള്ള കാലത്താണ് UAPA ചുമത്തി ഒരു ആദിവാസി യുവതി ജയിലിൽ കിടക്കുന്നത്.കേരളത്തിലുടനീളം രാഷ്ട്രീയ നേതാക്കളുടെ കണ്ണ് തുറപ്പിക്കാന്‍ ഇത്തരം സമരങ്ങള്‍ നടക്കാറുമുണ്ട്. ഇതിനൊന്നും കേസ് എടുക്കുക പോലുമില്ല. എന്നാല്‍ ഗൗരിയുടെ കാര്യത്തില്‍ കഥമാറി.ഇങ്ങനെ-സമാന കേസില്‍ യു.എ.പി. എ ചുമത്തപ്പെട്ട മറ്റു പത്തോളം പേര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഗൗരിക്കും വയനാട്ടില്‍നിന്നുള്ള ചാത്തുവിനും മാത്രം ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നുവെന്നാണ് ഗൗരിയുടെ ഭർത്താവ് അഷറഫ് പറയുന്നത്.

സൗന്ദര്യം നിങ്ങളെ തേടിവരുമെന്ന മമ്മൂട്ടിയുടെ സോപ്പ് പരസ്യത്തിലെ സോപ്പ് വാങ്ങി തേച്ചിട്ടു സൗന്ദര്യം വന്നില്ലെന്ന കേസിലെ പരാതിക്കാരനാണ് വയനാട്ടിലെ ചാത്തു.മാതൃകാ കര്‍ഷകനുള്ള ബഹുമതിയും നേടിയിട്ടുണ്ട്. തലപ്പുഴ, വെള്ളമുണ്ട എന്നിവിടങ്ങളില്‍ പോസ്റ്റര്‍ പതിച്ചുവെന്നതാണ് ഇവര്‍ക്കെതിരായ കേസ്.ഗൗരി ജയിലിലായതോടെ മകനെ ഒറ്റക്കാക്കി ഇപ്പോള്‍ ജോലിക്കുപോലും പോകാന്‍ വയ്യാത്ത അവസ്ഥയിലാണ് അഷറഫ്. ഇരുവരും കേളകത്തെ ഒരു ഷെഡിലാണ് ഇപ്പോള്‍ താമസിക്കുന്നത്.എട്ടുതവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളുകയായിരുന്നു. അമ്മ ജയിലിലായതോടെ മകൻ ആഷിക്ക് മിക്ക സമയവും സങ്കടപ്പെട്ടിരിക്കുന്നഅവസ്ഥയിലാണ്.

ജാമ്യം നല്‍കാതിരിക്കാന്‍ ഗൗരിക്കു നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കരുതെന്നും വെള്ളമുണ്ട പൊലീസ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ഗൗരിയും സംഘവും മാവോയിസ്റ്റ് പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന മാവോയിസ്റ്റ് സംഘടനയുമായി ഇവര്‍ക്ക് ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് ഇതിനു നല്‍കുന്ന വിശദീകരണം. ഗൗരി തൃശൂരില്‍ റിലയന്‍സ് ഗോഡൗണിനെതിരെ നടന്ന സമരത്തിലും പങ്കെടുത്തതിന്റെ വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും വിലയിരുത്തുന്നു.

ഇടത് പക്ഷം അധികാരത്തിലേറിയതോടെ തെറ്റ് തിരുത്തപ്പെടുമെന്നും കരുതി. എന്നാല്‍ അത് ഇതുവരെ ഉണ്ടായില്ല.”വിനാശ വികസനത്തിനും സാമ്രാജ്യത്വ സേവകര്‍ക്കും ജനശത്രുക്കള്‍ക്കും നാം എന്തിനു വോട്ട് ചെയ്യണം, കര്‍ഷകരെയും തൊഴിലാളികളെയും ആദിവാസികളെയും ദലിതരെയും മുസ്ലിംകളെയും മര്‍ദ്ദിച്ചൊതുക്കുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പല്ല വിമോചനത്തിന്റെ പാത. ജനകീയ പോരാട്ടങ്ങളാണ് ശരിയായ പാതയെന്നും യഥാര്‍ഥ ജനാധിപത്യത്തിനായി പോരാടുക”എന്നുമാണ് ഗൗരി ഒട്ടിച്ചെന്ന് പറയുന്ന ബഹുവര്‍ണ പോസ്റ്ററിലുള്ളത്. ഇവരെ നിരവില്‍പ്പുഴ മട്ടിലയത്ത് പോസ്റ്റര്‍ പതിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button