KeralaNews

ഡി.വൈ.എഫ്.ഐയ്ക്കെതിരെ നടപടിയെടുത്ത പോലീസുദ്യോഗസ്ഥന് മേലുദ്യോഗസ്ഥരുടെ പീഡനം

മുണ്ടക്കയം: മേലുദ്യോഗസ്ഥരുടെ കടുത്ത പീഡനത്തെത്തുടര്‍ന്ന് പോലീസുദ്യോഗസ്ഥന്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി. മുണ്ടക്കയം പോലീസ്സ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. കെ.കെ.സോമനാണ് വി.ആര്‍.എസ്സി(വോളണ്ടറി റിട്ടയർമെൻറ് സ്കീം)ന് അപേക്ഷ നല്‍കിയത്.

സംഭവം സംബന്ധിച്ച് സോമന്‍ പറയുന്നതിങ്ങനെ. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ നിരോധിതമേഖലയില്‍ ഡി.വൈ.എഫ്.ഐ. പൊതുയോഗം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നിര്‍ദേശാനുസരണം സോമന്‍ ഇതിനെതിരെ കേസെടുത്തിരുന്നു. അനുമതിയില്ലാതെ യോഗം നടത്തിയതിന് വാഹനം, മൈക്ക് ഉടമകള്‍ക്കെതിരെയും കേസെടുത്ത് ഫയല്‍ കോടതിക്കു കൈമാറിയിരുന്നു.

ഭരണകക്ഷിനേതാക്കള്‍ ഉന്നത പോലീസുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെ അവര്‍ സംഭവത്തിന്റെ ഉത്തരവാദിത്വം എസ്.ഐ. സോമന്റെ തലയില്‍ കെട്ടിവച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നിര്‍ദേശാനുസരണം സി.ഐ. നേരിട്ടെത്തി ആവശ്യപ്പെട്ടതിനാലാണ് കേസെടുത്തതെന്നു സോമന്‍ പറഞ്ഞത് മേലുദ്യോഗസ്ഥരെ ചൊടിപ്പിച്ചു. ഇതേത്തുടര്‍ന്ന് കോട്ടയം കണ്‍ട്രോള്‍ റൂമിലേക്കു സ്ഥലംമാറ്റി.

കഴിഞ്ഞദിവസം ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ സോമനോട്, രാവിലെതന്നെ പൊന്‍കുന്നം ടൗണിലെത്താനും കാല്‍നട പട്രോളിങ് (ഫുട് പട്രോളിങ്) നടത്താനും നിര്‍ദേശിച്ചു. തുടര്‍ച്ചയായി ജോലിചെയ്തതോടെ ശാരീരികവും മാനസികവുമായി ഏറെ അസ്വസ്ഥതയുണ്ടായി. പീഡനങ്ങള്‍ തുടരുന്നതിനാല്‍ 2018 ജനവരി വരെ സര്‍വീസുള്ള ജോലിയില്‍ തുടരാന്‍പറ്റാത്ത സാഹചര്യമാണ്. അതിനാലാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയതെന്നു സോമന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button