KeralaNews

യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ പരേതനെ പ്രതിയാക്കി; എഎസ്‌ഐക്കെതിരെ നടപടിക്ക് സാധ്യത

തൊടുപുഴ: ആക്രമണക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ പതിനഞ്ചു വര്‍ഷം മുന്‍പ് മരിച്ചുപോയ സഹോദരനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് എ.എസ്.ഐ. യഥാര്‍ഥ പ്രതിയെ രക്ഷിക്കാന്‍ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയശേഷമാണ് പ്രതിപ്പട്ടികയില്‍ യഥാര്‍ഥ പ്രതിയുടെ 15 വര്‍ഷം മുന്‍പു മരിച്ച സഹോദരന്റെ പേര് എഎസ്‌ഐ ചേർത്തത്.

2013 ഡിസംബര്‍ 27ന് കുഞ്ചിത്തണ്ണിയില്‍ ഗൃഹനാഥനെ കമ്പവിടകൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയും സമീപത്തുള്ള റിസോര്‍ട്ടിലെ ജീവനക്കാരനുമായ ജലീലിനെ രക്ഷിക്കാനാണ് വെള്ളത്തൂവല്‍ എ.എസ്.ഐയായിരുന്ന ബെന്നി സ്‌കറിയയുടെ ഈ വഴിവിട്ട നടപടി. 2014 ജനുവരി 31ന് അടിമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ജലീലിന്റെ സഹോദരന്‍ പരേതനായ ജാഫറിനെ പ്രതിയാക്കിയത്.

ബെന്നി സ്കറിയ ഇപ്പോള്‍ കാളിയാര്‍ സ്റ്റേഷനിലാണു ജോലിചെയ്യുന്നത്. സമീപത്തെ റിസോര്‍ട്ടിലെ ജീവനക്കാരനായ ജലീലാണ് ആക്രമിച്ചതെന്ന് അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും കേസ് അന്വേഷിച്ച എഎസ്‌ഐ ബെന്നി, ജലീലിന്റെ സഹോദരന്‍ കോഴിക്കോട് മുക്കം സ്വദേശി ജാഫറിന്റെ പേരും വിലാസവും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചതായാണ് ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.എന്‍.സജി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

എഎസ്‌ഐയെ കേസില്‍ പ്രതിചേര്‍ക്കാനും കര്‍ശനനടപടിയെടുക്കാനും ശുപാര്‍ശ ചെയ്യുകയും വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇതു നല്‍കാന്‍ വെള്ളത്തൂവല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ശശികുമാര്‍ ഏപ്രില്‍ 20നു നീലേശ്വരത്തുള്ള പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണു ജാഫര്‍ 1998 ല്‍ മരിച്ചതായി അറിയുന്നത്.

അതിനിടെ മരിച്ച ജാഫറിന്റെ പാസ്‌പോര്‍ട്ടിലെ ചിത്രം മാറ്റി ജലീല്‍ പല തവണ വിദേശയാത്ര നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇടുക്കി എസ്.പി എ.വി ജോര്‍ജിന് സമര്‍പ്പിച്ച റഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടു എന്നു കണ്ടതോടെ കൊച്ചി റേഞ്ച് ഐ.ജി എസ്.ശ്രീജിത്ത് പുനരന്വേഷണത്തിനും ഉത്തരവിട്ടു. ജലീലിന്റെ ഫോട്ടോ മാറ്റിപ്പതിപ്പിച്ചിരിക്കുന്ന ജാഫറിന്റെ പാസ്‌പോര്‍ട്ടിലെ വിലാസമാണ് കുറ്റപത്രത്തില്‍ നല്‍കിയിരിക്കുന്നതെന്നും ഡി.വൈ.എസ്.പിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button