NewsGulf

ദേശീയ പതാകയെ അവഗണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

അബുദാബി: ആഘോഷ ലഹരിയില്‍ ദേശീയ പതാകയെ അവഗണിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം. യു എ ഇ ഭരണകൂടം ഇനി പതാക താഴെയിടുന്നവര്‍ക്ക് വരെ കടുത്ത ശിക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.സാംസ്‌കാരിക-വിജ്ഞാന വികസന മന്ത്രാലയം പുറപ്പെടുവിച്ച യുഎഇ പതാക നിയമപ്രകാരം, ദേശീയ പതാകയെ പൊതു സമൂഹത്തിന് മുന്നില്‍ നശിപ്പിക്കുന്നതും, പരിഹസിക്കുന്നതും, അംഗ രാഷ്ട്രങ്ങളുടെ പതാകകള്‍ നശിപ്പിക്കുന്നതും ഗുരുതരമായ പിഴവാണെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റക്കാര്‍ക്ക് ആറ് മാസം തടവും, ആയിരം ദിര്‍ഹം പിഴയും ലഭിക്കുന്നതാണെന്നും വ്യക്തമാക്കുന്നു.

അതേസമയം, യുഎഇയില്‍ ചെറിയ കുറ്റങ്ങള്‍ക്കുള്ള തടവ് ശിക്ഷ ഒഴിവാക്കാനുള്ള നിയമവും നടപ്പിലാക്കാനൊരുങ്ങുന്നുണ്ട്. സമൂഹസേവന കാര്യങ്ങളിലേര്‍പ്പെടുന്നവർക്കാകും ജയിൽ ശിക്ഷ ഒഴിവാക്കുന്നത്. നേരത്തെ തന്നെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ശിക്ഷകളെക്കുറിച്ചുള്ള പുതിയ നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. തെരുവോ സ്‌കൂളുകളോ വൃത്തിയാക്കുക, സമാനമായ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക ഉള്‍പ്പെടെയുള്ള കാര്യങ്ങളാകും തടവു ശിക്ഷ ഒഴിവാക്കി നല്‍കാനുള്ള മാനദണ്ഡങ്ങള്‍. ആഭ്യന്തര എമറാത്തി മാനവവിഭവശേഷി മന്ത്രാലയങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നീതിനിര്‍വഹണവകുപ്പായിരിക്കും സമൂഹ്യസേവനമെന്തെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.

ആറ് മാസം തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ പുതിയ നിയമത്തിലൂടെ മൂന്ന് മാസത്തെ സാമൂഹ്യസേവനത്തിലൂടെ ഒഴിവാക്കാനാകും. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചെയ്തവരുടെ ഈ നിര്‍ബന്ധിത പ്രവര്‍ത്തി നിരീക്ഷിക്കും. പ്രവര്‍ത്തി തൃപ്തികരമല്ലെന്ന് പ്രോസിക്യൂട്ടര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍, കോടതി കുറ്റക്കാരെ തടവ് ശിക്ഷയ്ക്ക് തന്നെ വിധിക്കുമെന്നും നിയമം വ്യക്തമാക്കുന്നു. 2009ല്‍ സമാനമായ രീതിയില്‍ 20 ഓളം കുറ്റങ്ങള്‍ക്ക് ഈ രീതി നടപ്പിലാക്കാന്‍ ക്യാബിനറ്റ് തീരുമാനിച്ചിരുന്നു. 20 മുതല്‍ 240 മണിക്കൂര്‍ വരെയുള്ള സാമൂഹ്യസേവനമാണ് അന്ന് നിശ്ചയിച്ചിരുന്നത്. അതാണ് വിപുലീകരിക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ നിയമം നടപ്പിലാകുന്നതോടെ പുതിയ ചരിത്രമാകും യുഎഇ സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള നിയമം നിലവിലുള്ള ആദ്യ അറബ് രാജ്യമായും യുഎഇ മാറും. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകാത്തവരാണ് ജയിലിൽ പോയ പലരും. ഈ സ്ഥിതിക്കാണ് മാറ്റമുണ്ടാകുകയെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button