NewsIndia

സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ല

നോട്ടുകളുടെ അസാധുവാക്കലുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്ന് പ്രതിഷേധിച്ചിട്ടും ഫലമില്ല. നിയമസഭ പ്രമേയം പാസാക്കിയെങ്കിലും പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്രതിസന്ധി മറികടക്കാനുള്ള യാതൊരു വിട്ടു വീഴ്ചയും കേന്ദ്രവും റിസര്‍വ് ബാങ്കും ചെയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നബാര്‍ഡ് വഴിയുള്ള സഹായമല്ലാതെ മറ്റൊരു തരത്തിലുള്ള പരിഗണനയും ലഭിക്കില്ല. കറന്‍സി മാറ്റി നല്‍കാനുള്ള അവകാശം സഹകരണ ബാങ്കിനും നല്‍കണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാല്‍, റിസര്‍വ് ബാങ്കുമായി ഓണ്‍ലൈന്‍ ബന്ധം നിലവിലുള്ള സഹകരണ ബാങ്കുകള്‍ക്കു മാത്രമേ കറന്‍സി മാറ്റിനല്‍കാനുള്ള അധികാരം നല്‍കാനാകൂവെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു . സാമ്പത്തിക പരിഷ്കരണ നടപടികളെ തുടര്‍ന്ന് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സഹകരണമേഖല നേരിടുന്ന പ്രശ്നങ്ങള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് അമിത് ഷായും കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയില്‍ ജയ്റ്റ്ലി വ്യക്തമാക്കി. അമിത് ഷായുടെ സമ്മര്‍ദ്ദം പോലും ഫലം കാണാത്തതിനാല്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെ പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്രതിസന്ധി കൂടുകയാണ്. പ്രതിസന്ധി നേരിടുന്ന സഹകരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ നബാര്‍ഡിനു നിര്‍ദ്ദേശം നല്‍കാമെന്നു അരുണ്‍ ജയ്റ്റ്ലി അമിത് ഷായ്ക്ക് ഉറപ്പുനല്‍കി. കൂടാതെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നു കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മുടങ്ങിയാലും പിഴ ചുമത്താതിരിക്കാനുള്ള നിര്‍ദേശവുമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button