
അംബേദ്കർ നഗർ: യുപിയിൽ കുപ്രസിദ്ധ വിവാഹ തട്ടിപ്പുകാരിയും സംഘവും പിടിയിലായി. കൊള്ളക്കാരിയായ വിവാഹ തട്ടിപ്പുകാരി ഗുൽഷൻ റിയാസ് ഖാൻ ആണ് പിടിയിലായത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി വ്യത്യസ്ത പേരുകളിൽ ഗുൽഷൻ ഏകദേശം 12 തവണ വിവാഹം കഴിച്ചിട്ടുണ്ട്.
ഗുജറാത്തിൽ കാജൽ, ഹരിയാനയിൽ സീമ, ബീഹാറിൽ നേഹ, യുപിയിൽ സ്വീറ്റി അല്ലെങ്കിൽ സീമ അല്ലെങ്കിൽ കാജൽ എന്നിങ്ങനെ പേരുകളിലാണ് ഇവർ വിവാഹം കഴിച്ചത്. ഗുൽഷനും സംഘാംഗങ്ങളും വിവാഹം കഴിക്കാത്ത ആളുകളെ കുടുക്കുകയായിരുന്നു പതിവ്. വിവാഹങ്ങൾ നടത്താനെന്ന പേരിൽ ആയിരക്കണക്കിന് രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. ഇതിനുശേഷം ഗുൽഷൻ ഒരു വധുവായി മാറുകയും വിവാഹവും നടക്കുകയും ചെയ്യും.
എന്നാൽ വിവാഹം കഴിഞ്ഞയുടനെ വധുവിനെ ഇവരുടെ സംഘം തട്ടിക്കൊണ്ടുപോകുകയോ അല്ലെങ്കിൽ എല്ലാ ആഭരണങ്ങളും മറ്റ് സാധനങ്ങളുമായി ഗുൽഷൻ ഓടിപ്പോകുകയോ ചെയ്യുന്നതാണ് പതിവ് രീതി. വിവാഹസമയത്ത് വധുവിന്റെ കുടുംബാംഗങ്ങളുടെ വേഷം കൈകാര്യം ചെയ്തിരുന്ന ഈ സംഘത്തിൽ സ്ത്രീകളും ഉൾപ്പെട്ടിരുന്നു.
വ്യാഴാഴ്ചയാണ് അംബേദ്കർ നഗർ പോലീസ് ഗുൽഷൻ റിയാസ് ഖാനെയും സംഘാംഗങ്ങളെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 29 ന് അവർ റോഹ്തക്കിൽ നിന്നുള്ള സോനുവിനെ ഗുൽഷൻ വിവാഹം കഴിച്ചു. വിവാഹം നടത്താനെന്ന പേരിൽ സംഘം എൺപതിനായിരം രൂപയും കൈക്കലാക്കി. ഇതിനുശേഷം വിവാഹം ക്ഷേത്രത്തിൽ വെച്ച് നടന്നു. വിവാഹം കഴിഞ്ഞ് ഉടൻ ക്ഷേത്രത്തിൽ നിന്ന് ഇറങ്ങുമ്പോഴാണ് വധുവിനെ തട്ടിക്കൊണ്ടുപോയത്. അംബേദ്കർ നഗറിലാണ് ഈ വിവാഹം നടന്നത്.
തട്ടിക്കൊണ്ടുപോകലിന് ശേഷം വരൻ സോനു യുപി പോലീസിനെ വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്തു. ചിലർ മോട്ടോർ സൈക്കിളിൽ വന്ന് തന്റെ വധുവായ സീമ എന്ന കാജലിനെ തട്ടിക്കൊണ്ടുപോയതായി സോനു പറഞ്ഞു. പോലീസ് പ്രദേശത്ത് പരിശോധന നടത്തുകയും ബൈക്ക് യാത്രികരെ ചോദ്യം ചെയ്യാൻ തുടങ്ങുകയും ചെയ്തു. ഇതിനുശേഷം കൊള്ള സംഘത്തിലെ 9 അംഗങ്ങളെ പിടികൂടി. അതിൽ അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.
ഇവരിൽ നിന്ന് 72,000 രൂപ, ഒരു സ്വർണ്ണ മംഗളസൂത്രം, 11 മൊബൈൽ ഫോണുകൾ, നിരവധി വ്യാജ ആധാർ കാർഡുകൾ എന്നിവയും പോലീസ് കണ്ടെടുത്തു. ഈ സംഘം പല സംസ്ഥാനങ്ങളിലും ആളുകളെ കൊള്ളയടിച്ചിട്ടുണ്ടെന്ന് അംബേദ്കർ നഗർ പോലീസ് സൂപ്രണ്ട് കേശവ് കുമാർ പറഞ്ഞു. ഈ സംഘത്തെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments