
പെരുമ്പാവൂർ : പെരുമ്പാവൂരിൽ വൻ ലഹരി വേട്ട. 126 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം നൗഗാവ് സ്വദേശികളായ ഷുക്കൂർ അലി (31), സബീർ ഹുസൈൻ (32), സദ്ദാം ഹുസൈൻ (37), റമീസ് രാജ് (38) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘവും തടിയിട്ട പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ ചെമ്പറക്കി ഭാഗത്ത് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്ത്. ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തി തുടർന്ന് ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് പോകുന്ന വഴിയാണ് ഇവരെ പിടികൂടിയത്. 10 സോപ്പുപെട്ടി ബോക്സുകളിൽ ആണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
ഷുക്കൂറിന്റെ നേതൃത്വത്തിൽ ഹെറോയിൻ കടത്തുന്ന വിവരം ലഭിച്ചതിന് തുടർന്ന് നിരീക്ഷണത്തിലായിരുന്നു. ആസാമിൽ നിന്ന് ബോക്സ് ഒന്നിന് 30000 രൂപ നിരക്കിൽ വാങ്ങുന്ന ഹെറോയിൻ ഇവിടെ എഴുപതിനായിരം രൂപ നിരക്കിൽ ആയിരുന്നു വിൽപ്പന. ഷുക്കൂർ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണ് ഇയാൾ.
മ്യാൻമറിൽ നിന്ന് നാഗാലാൻഡ് വഴിയാണ് ഹെറോയിൻ കേരളത്തിലേക്ക് എത്തുന്നതെന്ന് ഇയാൾ അന്വേഷണ സംഘത്തിനോട് പറഞ്ഞു. ഷുക്കൂർ നേരത്തെ മയക്കുമരുന്ന് കേസിൽ ജയിലിൽ ശിക്ഷ അനുഭവിച്ചയാളാണ്. സദ്ദാം ഹുസൈനും സാബിർ ഹുസൈനും സഹോദരങ്ങളാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വിൽപ്പന.
പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസ്, സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, എ എസ് ഐമാരായ കെ. എ നൗഷാദ്, പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ വർഗീസ് ടി വേണാട്ട്, ടി.എ അഫ്സൽ, ബെന്നി ഐസക്, മാഹിൻ ഷാ, കെ.എസ് അനൂപ്, കെ.ആർ രാഹുൽ, സി.പി.ഒ മാരായ കെ.ആർ വിപിൻ, ജോസ് എബ്രഹാം എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Post Your Comments