NewsIndia

ജന്‍ധന്‍ അക്കൗണ്ടില്‍ കോടികൾ; അമ്പരന്ന് ടാക്‌സി ഡ്രൈവര്‍

പട്യാല: ഈ മാസം നാലിനാണ് ടാക്‌സി ഡ്രൈവറായ ബല്‍വീന്ദര്‍ സിംഗിന് തന്റെ ബാങ്ക് അക്കൗണ്ടില്‍ പണം വന്നതായിയുള്ള ഒരു സന്ദേശം മൊബൈലില്‍ വന്നത്. പണമെങ്ങനെ എത്തിയെന്നും എത്തിയതു പോലെ പോയതെങ്ങനെയെന്നുമറിയാനായി നിരവധി തവണ ബാങ്ക് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കൃത്യമായ വിശദീകരണം നല്‍കാന്‍ ബാങ്ക് ജീവനക്കാരും തയ്യാറായിട്ടില്ല.

പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതി പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നെടുത്ത അക്കൗണ്ടിലേക്ക് 24 മണിക്കൂറിനുളളിലാണ് കൃത്യമായി പറഞ്ഞാല്‍ 9,806 കോടി രൂപ നിക്ഷേപമായി വരികയും പിന്‍വലിക്കപ്പെടുകയും ചെയ്തത്. ഒരു ദിവസം കോടിപതിയായതിന്റെ കാരണം തേടി ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും ഇടപാടിന്റെ റെക്കോര്‍ഡ് രേഖപ്പെടുത്തിയ പുതിയ പാസ് ബുക്ക് നല്‍കാന്‍ മാത്രമാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ തയ്യാറായത്.

തന്റെ ജന്‍ധന്‍ അക്കൗണ്ടില്‍ ആകെ 3,000 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ബാങ്ക് മാനേജറെ ഇക്കാര്യത്തിന് സമീപിച്ചപ്പോള്‍ അദ്ദേഹം വിശദാംശങ്ങളൊന്നും പറഞ്ഞില്ലെന്നും സംഭവത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം നടത്തുമെന്നുമാണ് പറഞ്ഞതെന്ന് ബല്‍വീന്ദര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം അന്വേഷിച്ചവരോട് ബാങ്ക് മാനേജന്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച അമളി വെളിപ്പെടുത്തി. 200 രൂപയുടെ ഇടപാട് രേഖപ്പെടുത്തുന്നതിനു പകരം തുകയുടെ സ്ഥാനത്ത് ലെഡ്ജറിന്റെ നമ്പര്‍ രേഖപ്പെടുത്തിയതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് ലീഡ് ബാങ്ക് മാനേജന്‍ സന്ദീപ് ഗാര്‍ഗ് പറഞ്ഞു. ബാങ്കിലെ ഒരു ജൂനിയര്‍ അക്കൗണ്ട് മാനേജരുടെ ഭാഗത്തു നിന്നാണ് ഇത്തരത്തിലൊരു തെറ്റ് സംഭവിച്ചതെന്നും സന്ദീപ് ഗാര്‍ഗ് വ്യക്തമാക്കി. ഇടപാടുകാരോട് അക്കൗണ്ടില്‍ സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കാന്‍ കൂടി സന്നദ്ധനാവാത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും സന്ദീപ് ഗാര്‍ഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button