News

കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഭിന്നത രൂക്ഷമാവുന്നു ; സംസ്ഥാന കോണ്‍ഗ്രസ്സും പാര്‍ലമെന്ററി പാര്‍ട്ടിയും രണ്ടു തട്ടിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നത രൂക്ഷമാവുന്നു . അടുത്തകാലത്തെ ചില സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങളിലൊക്കെ പാർട്ടിയുടെ നേതൃത്വം രണ്ടുവിഭാഗമായി ചേരി തിരിഞ്ഞായിരുന്നു പ്രസ്താവനകളിറക്കിയത് .നോട്ട് വിവാദത്തില്‍ തുടങ്ങി ഇപ്പോള്‍ നിലമ്ബൂരില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്ന വെടിവെയ്പില്‍ വരെ വ്യത്യസ്ത അഭിപ്രായമാണ് കെപിസിസി അദ്ധ്യക്ഷന്‍ സുധീരനുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമുളളത്.
ഇടതുപക്ഷവുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെതിരെ പ്രതിഷേധിക്കണമെന്നതായിരുന്നു ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും നിലപാട്.
നിയമസഭയ്ക്കകത്ത് ഒരുമയാവാമെങ്കിലും പുറത്ത് അത് വേണ്ടെന്ന നിലപാടിലാണ് സുധീരന്‍. ഇതേ അഭിപ്രായം പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്കിടയിലും ശക്തമായതോടെ തിരിച്ചടി നേരിട്ടത് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമാണ്.
എ-ഐ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ പോലും ഇടതുപക്ഷവുമായി ചേര്‍ന്ന് സമരം നടത്തുന്നതിനോട് യോജിപ്പില്ലാത്തവരാണ് ഏറെയും.
വിജിലന്‍സ് അടക്കം സര്‍ക്കാര്‍ ഏജന്‍സികളുടെ ‘വാള്‍’ തലക്ക് മുകളില്‍ നില്‍ക്കുന്നതിനാലാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തന്ത്രപരമായ നിലപാട് സ്വീകരിച്ചതെന്ന അഭിപ്രായവും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയിലുണ്ട്. പ്രമുഖ ഗ്രൂപ്പ് മേലാളന്മാര്‍ ഇപ്പോള്‍ തന്നെ വിജിലന്‍സ് കുരുക്കിലാണ്.
നിലമ്ബൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ ദൗത്യസേനയുടെ വെടിയേററ് മരിച്ച സംഭവത്തില്‍ പൊലീസ് നടപടി ശരിയാണെന്ന പ്രഖ്യാപനവുമായി ആദ്യം രംഗത്ത് വന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഇടത് ഘടകകക്ഷിയായ സി.പി.ഐ പോലും പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കെയാണ് ഭരണപക്ഷത്തെ പോലും ഞെട്ടിച്ച പ്രസ്താവന ചെന്നിത്തലയില്‍ നിന്നുണ്ടായത്.
ഇതിനുശേഷം വെടിവെയ്പ്പില്‍ ദുരൂഹതയുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വി.എം. സുധീരന്‍ രംഗത്ത് വന്നതോടെ കോണ്‍ഗ്രസ്സിലെ ഭിന്നത പ്രകടമായി. ഇത് നേതാക്കള്‍ക്കിടയിലും ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. സുധീരന്റെ നിലപാടിനെ പിന്‍തുണച്ച്‌ പരസ്യമായി രംഗത്ത് വന്ന വി.ടി. ബല്‍റാം എം.എല്‍.എ, ഉത്തര കൊറിയന്‍ഏകാധിപതി കിം ജോങ് ഉന്നുമായി താരതമ്യം ചെയ്ത് മുഖ്യമന്ത്രിക്കെതിരെയിട്ട ഫേസ് ബുക്ക് പോസ്റ്റും ഇതിനിടെ വിവാദമായിരുന്നു.

shortlink

Post Your Comments


Back to top button