NewsIndia

ചരിത്രത്തിലെ വലിയ കുംഭകോണം; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

ഡൽഹി: പാർലമെന്റിൽ നോട്ട് അസാധുവാക്കലിനെക്കുറിച്ച് പ്രസംഗിക്കാൻ കേന്ദ്രസർക്കാർ തന്നെ അനുവദിക്കുന്നില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കറന്‍സി പരിഷ്‌കരണം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണെന്നും ലോക്‌സഭയില്‍ പ്രസംഗിക്കാന്‍ അനുവദിച്ചാല്‍ ഇതിന്റെ പിന്നില്‍ നടന്ന വന്‍ കുംഭകോണം തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി പ്രധാനമന്ത്രി മോദി പ്രസംഗിക്കുന്നുണ്ട്. പക്ഷേ പാർലമെന്റിൽ മാത്രം അതിനു തയാറാകുന്നില്ല. അവർ ചർച്ചയിൽനിന്ന് ഒളിച്ചോടുകയാണ്. എന്നാൽ ചർച്ചയ്ക്കു തയാറാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നുവെന്നും രാഹുൽ പറഞ്ഞു. പാർലമെന്റിനു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.

രാഷ്ട്രപതി പ്രണബ് മുഖർജിയും ബിജെപി മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയും തുടർച്ചയായ പാർലമെന്റ് സ്തംഭനങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. നോട്ട് പിൻവലിക്കുന്നതിനുള്ള തീരുമാനം കൊണ്ട് അധികവും ബുദ്ധിമുട്ടുന്നത് കർഷകരാണെന്ന് പ്രതിപക്ഷം പറഞ്ഞു. തങ്ങൾ ചർച്ചയ്ക്കു തയാറാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും സഭയിൽ അറിയിച്ചു.

അതിനിടെ, ബെംഗളൂരുവിൽ മാധ്യമങ്ങളെക്കണ്ട പാർലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു കഴിഞ്ഞ യുപിഎ സർക്കാരിനെതിരെ ആഞ്ഞടിച്ചു. യുപിഎ സർക്കാരിന്റെ കീഴിലാണ് എല്ലാ അഴിമതികളും നടന്നത്. പ്രധാനമന്ത്രി ശ്രമിക്കുന്നത് അതിനൊരു മാറ്റം വരുത്താനാണ്. നോട്ട് അസാധുവാക്കലിന് ഒരുമാസം കഴിഞ്ഞ് കരിദിനം ആചരിക്കുന്നത് മണ്ടത്തരമാണ്. നീണ്ടകാലത്തെ നേട്ടത്തിനുവേണ്ടി താൽക്കാലിക വേദന അനുഭവിക്കേണ്ടതായി വരുമെന്നും നായിഡു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button