Kerala

എന്‍ജിനീയറായിരുന്ന കുപ്പുദേവരാജ് നക്‌സല്‍ ആയതെങ്ങനെ? ഇയാളൊരു സൈനികന്റെ മകന്‍

മലപ്പുറം: നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ ജീവിത ചരിത്രം കേട്ടാല്‍ ഞെട്ടും. എല്‍ആന്‍ഡ്ടിയില്‍ എന്‍ജിനീയറായിരുന്നു കുപ്പുദേവരാജ്. കേട്ടാല്‍ അവിശ്വസനീയമായ ചരിത്രമാണ് ഇയാള്‍ക്കുള്ളത്. ബാങ്ക് കവര്‍ച്ചാ കേസിലും മൂന്നു കൊലപാതക കേസിലും ഇയാള്‍ പ്രതിയാണ്.

എങ്ങനെയാണ് ഒരു എന്‍ജിനീയര്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ എത്തിപ്പെട്ടത്? മാവോയിസ്റ്റാകാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്താണ്? ഇയാളെ പിടികൂടുന്നവര്‍ക്ക് ആന്ധ്രാ സര്‍ക്കാര്‍ 12 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നുവത്രേ. പോലീസ് തന്നെയാണ് കുപ്പുദേവരാജിന്റെ ചരിത്രം വെളിപ്പെടുത്തിയത്. കുപ്പുദേവരാജ് സായുധ വിപ്ലവത്തിന് ആഹ്വാനം നല്‍കിയിരുന്നതായി വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

കോടതിയിലും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും സമര്‍പ്പിക്കുന്നതിനാണ് ഇയാളുടെ ജീവിതരേഖ തയ്യാറാക്കിയത്. തമിഴ്‌നാട്ടില്‍ ഒരു സൈനികന്റെ മകനായാണ് കുപ്പുസ്വാമി മൂര്‍ത്തി എന്ന കുപ്പു ദേവരാജ് ജനിച്ചത്. ദേവരാജന്‍ എന്ന പേര് കൂടാതെ പന്ത്രണ്ടോളം പേരുകളില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നു. ഇയാള്‍ എഞ്ചിനീയറിങ് പഠനത്തിന് ശേഷം ബെംഗളൂരു എല്‍ആന്‍ഡ്ടിയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു.

1982ല്‍ മാനേജ്‌മെന്റ് വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. പിന്നീട് ഇയാളെ കാണാനില്ലായിരുന്നു. മാവോയിസ്റ്റുകളായ ഗംഗാധര്‍ കുപ്പുസ്വാമി, ഉജ്ജിനി ഗൗഡ എന്നിവരുടെ കൂടെ കുപ്പു ദേവരാജ് ചേര്‍ന്നു. സിപിഐ മാവോയിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗവും പാര്‍ട്ടിയുടെ കേന്ദ്ര സായുധ കമ്മീഷനില്‍ നിര്‍ണ്ണായക പങ്കാളിത്തവുമുള്ള നേതാവായിരുന്നു ഇയാള്‍.

മൂന്ന് കൊലപാതകങ്ങളും എട്ട് കൊലപാതക ശ്രമങ്ങളും അടക്കം നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ട്. 2001ല്‍ തോപ്ചാഞ്ചി പോലീസ് ക്യാമ്പ് ആക്രമിച്ച കേസിലും ബിഹാറിലെ ഖൈറ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലും പ്രതിയാണ്. 1988ല്‍ ബാങ്ക് ഓഫ് മധുരയുടെ അണ്ണാനഗര്‍ ബ്രാഞ്ച് ആക്രമിച്ച് 63 ലക്ഷം രൂപ കവര്‍ന്ന കേസിലും കുപ്പു ദേവരാജ് പ്രതിയാണ്.

തമിഴ്‌നാട്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇയാളുടെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചിരുന്നു. എണ്‍പതുകളുടെ അവസാനം എല്‍.ടി.ടി.യില്‍ നിന്നാണ് കുപ്പു ദേവരാജ് ആയുധപരിശീലനം നേടിയത്. പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവനക്കാരിയായിരുന്ന ഗഞ്ചേന്ദ്രിയാണ് ഭാര്യ. രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button