NewsIndia

പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ പണം വെളുപ്പിച്ചു നല്‍കുന്നു : തെളിവായി ഒളി ക്യാമറാ ദൃശ്യം : നേതാക്കള്‍ കുടുങ്ങും

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനത്തിനു ശേഷം കള്ളപ്പണം വെളുപ്പിക്കുന്നത് ഇരട്ടിയിലേറെയായി. രാഷ്ട്രീയക്കാരും ബിസിനസ്സുകാരുമാണ് കള്ളപ്പണം വെളുപ്പിക്കുന്നതെന്നാണ് സൂചന. ഡല്‍ഹിയില്‍ രാജ്യത്തെ പ്രമുഖ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ വന്‍തുക കമ്മീഷന്‍ വാങ്ങി കള്ളപ്പണം വെളുപ്പിച്ചു നല്കുന്നു. ഇന്ത്യാടുഡേ ചാനലിന്റെ ഒളിക്യാമറ ഓപറേഷനിലാണ് വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ കുടുങ്ങിയിരിക്കുന്നത്. നിരോധിക്കപ്പെട്ട നോട്ടുകള്‍ നല്കിയാല്‍ മണിക്കൂറുകള്‍ക്കകം പുതിയവ നല്കാമെന്നാണു പല നേതാക്കളും വാഗ്ദാനം ചെയ്തത്. ഇതിനു പുറമേ ഇല്ലാത്ത കമ്പനികളുടെ പേരില്‍ രേഖയുണ്ടാക്കിവരെ കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നതായി കണ്ടെത്തപ്പെട്ടു.
ചാനല്‍ റിപ്പോര്‍ട്ടര്‍ വേഷം മാറി ഒളിക്യാമറയുമായി പാര്‍ട്ടി ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു.

കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി), ബഹുജന്‍ സമാജ് വാദി പാര്‍ട്ടി(ബിഎസ്പി), സമാജ് വാദി പാര്‍ട്ടി(എസ്പി), ജനതാദള്‍ യുണൈറ്റഡ്(ജെഡി-യു) എന്നിവയുടെ പ്രാദേശിക ഓഫീസുകളിലാണ് ഒളിക്യാമറ ഓപറേഷന്‍ നടത്തിയത്. ഒന്നു മുതല്‍ പത്തുവരെ കോടി രൂപയുടെ കള്ളപണമുണ്ടെന്നും വെളുപ്പിച്ചു നല്‍കാനാകുമോ എന്നുമാണ് റിപ്പോര്‍ട്ടര്‍ അന്വേഷിച്ചത്.
ബിഎസ്പിയുടെ ഗസ്സിയാബാദില്‍നിന്നുള്ള നേതാവ് വീരേന്ദ്ര ജാദവ് കള്ളപ്പണം വെളുപ്പിക്കാനായി 35 മുതല്‍ 40 ശതമാനം വരെ കമ്മീഷനാണ് ആവശ്യപ്പെടുന്നത്. പഴയ നോട്ടുകള്‍ നല്കിയാല്‍ ഒരു മണിക്കൂറിനകം നിങ്ങള്‍ക്ക് പുതിയ നോട്ടുകളായി പണം നേരിട്ടു കൈമാറിയിരിക്കുമെന്ന ഉറപ്പും അദ്ദേഹം നല്കുന്നു.
സമാജ് വാദി പാര്‍ട്ടിയുടെ നോയിഡയില്‍നിന്നുള്ള നേതാവ് ടിറ്റു യാദവും 40 ശതമാനം കമ്മീഷനാണ് ചോദിച്ചത്. പഴയ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുമെന്ന ഉറപ്പ് അദ്ദേഹവും നല്‍കുന്നു.

ചില സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടന(എന്‍ജിഒ)കളും പണം വെളുപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നതായും ഓപറേഷനില്‍ കണ്ടെത്തപ്പെട്ടു.
ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരില്‍ പേരില്‍ പണം വെളുപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തത് എന്‍സിപി നേതാവ് രവി കുമാര്‍ ആണ്. പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഒരു കമ്പനിയെ വാടകയ്‌ക്കെടുത്തുവെന്ന് രേഖയുണ്ടാക്കി പണം വെളുപ്പിച്ചു തരാമെന്നാണ് ഇദ്ദേഹം വാഗ്ദാനം ചെയ്യുന്നത്.

പഴയ നോട്ടുകള്‍ നല്കിയാല്‍ 30-40 ശതമാനം കമ്മീഷനില്‍ പഴയ നോട്ടുകള്‍ മാറി നല്കാമെന്നാണ് ജെഡിയുവിന്റെ ഡല്‍ഹി ഘടകം വൈസ് പ്രസിഡന്റ് സതീഷ് സെയ്‌നിയും വാഗ്ദാനം ചെയ്തത്. ഇങ്ങനെ കള്ളപ്പണം വെളുപ്പിച്ച് നല്‍കിയതിന്റെ പേരില്‍ പല രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും കുടുങ്ങും

shortlink

Related Articles

Post Your Comments

Related Articles


Back to top button