Kerala

സ്മാര്‍ട്ട് ഡിജി ബാങ്കിങ് പദ്ധതിക്ക് തുടക്കം

കൊച്ചി•ആയിരം കോളേജ് വിദ്യാര്‍ത്ഥികളെ മൊബൈല്‍ ഇന്റര്‍നെറ്റ് ബാങ്കിങിനായുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന സ്മാര്‍ട്ട് ഡിജി ബാങ്കിങ് പദ്ധതിക്ക് തുടക്കം കുറിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പ്രൊഫ. കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റും സംയുക്തമാണ് പദ്ധതി നടപ്പാക്കുന്നത്. തേവര എസ്എച്ച് കോളേജില്‍ നടന്ന ചടങ്ങ് പ്രൊഫ. കെ.വി.തോമസ് എംപി ഉദ്ഘാടനം ചെയ്തു.

പ്രത്യേകപരിശീലനം പൂര്‍ത്തിയാക്കിയ, വിവിധകോളേജുകളിലെ ആയിരം വിദ്യാര്‍ത്ഥികള്‍ മുഖേന കാമ്പസിനകത്തും പുറത്തും ജനങ്ങള്‍ക്കിടയില്‍ കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ബോധവത്കരണം നടത്തുന്ന പദ്ധതിയാണ് ഇത്. ഇ-ബാങ്കിങ് സംവിധാനത്തിന്റെ മേന്മകള്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ പരിശീലനം ലഭിച്ച മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് കഴിയും.

എസ്എച്ച് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് ജോണ്‍ അദ്ധ്യക്ഷനായിരുന്നു. ഹൈബി ഈഡന്‍ എംഎല്‍എ, മേയര്‍ സൗമിനിജെയിന്‍, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എസ് വെങ്കിട്ടരാമന്‍, ജനറല്‍ മാനേജര്‍ അലോക് കുമാര്‍ ശര്‍മ, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എ.ഗോപാലകൃഷ്ണന്‍, ഡപ്യൂട്ടിജനറല്‍ മാനേജര്‍ ജി.ഗോപു എന്നിവര്‍ പങ്കെടുത്തു.

ആദ്യഘട്ടത്തില്‍ തേവര എസ്എച്ച് കോളേജിലെ 100 വിദ്യാര്‍ത്ഥികള്‍ക്കാണ് ഡിജിബാങ്കിങ് മാസ്റ്റര്‍ ട്രെയിനര്‍മാരാകാന്‍ പരിശീലനം നല്കുക. ഡിസംബര്‍ 20 ന് സെന്റ് തെരേസാസ് കോളേജിലും 21 ന് സെന്റ് ആല്‍ബേര്‍ട്‌സ് കോളേജിലും 100 വിദ്യാര്‍ത്ഥികള്‍ക്കു വീതം പരിശീലനം നല്‍കും.

shortlink

Post Your Comments


Back to top button