NewsIndia

ഈ വര്‍ഷം മുതല്‍ സി.ബി.എസ്.ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി : പത്താം ക്ലാസില്‍ ബോര്‍ഡ് പരീക്ഷ വീണ്ടും നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശത്തിന് സി.ബി.എസ്.ഇ ഭരണ സമിതി അനുമതി നല്‍കി. ഇതനുസരിച്ച് പുനഃസ്ഥാപിച്ച ആദ്യ പരീക്ഷ 2017-18 അധ്യയന വര്‍ഷത്തില്‍ നടത്താനും തീരുമാനിച്ചു. നിലവില്‍ 10-ാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് ഇപ്പോള്‍ നടപ്പാക്കി വരുന്ന രീതി തന്നെ പിന്തുടരാമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. ഇതോടെ, ഏഴു വര്‍ഷത്തിനുശേഷമാണ് സി.ബി.എസ.ഇ സിലബസുകാര്‍ക്ക് 10-ാം ക്ലാസില്‍ ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുന്നത്. ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്ക്, സ്‌കൂള്‍ പരീക്ഷയുടെ മാര്‍ക്ക് ഇവയ്ക്ക് 80:20 എന്ന വെയിറ്റേജ് അനുപാതം നല്‍കാനും ഭരണ സമിതി തീരുമാനിച്ചു. തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്.

10-ാം ക്ലാസിനുശേഷവും സി.ബി.എസ്.ഇ പാഠ്യപദ്ധതിയില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്‌കൂള്‍ തന്നെ പരീക്ഷ നടത്തുക, സി.ബി.എസ്.ഇ സംവിധാനത്തില്‍നിന്നു മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ബോര്‍ഡ് പരീക്ഷ നടത്തുക – ഇങ്ങനെ രണ്ടു രീതികളാണ് സി.ബി.എസ്.ഇ 2009 സെപ്റ്റംബറില്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് 2011-12 അധ്യയനവര്‍ഷം മുതല്‍ ഇതു നടപ്പാക്കുകയും ചെയ്തു.

വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാഭാരം കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു നിര്‍ദേശമെങ്കിലും സി.ബി.എസ്.ഇ മാത്രമായി ഇത്തരമൊരു പരിഷ്‌കാരം നടപ്പാക്കിയതുകൊണ്ടു കാര്യമില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. രാജ്യത്ത് സി.ബി.എസ്.ഇ ഉള്‍പ്പെടെ 29 പരീക്ഷാ ബോര്‍ഡുകള്‍ 10-ാം ക്ലാസ് പരീക്ഷ നടത്തുന്നുണ്ട്. 2014ല്‍ മൊത്തം 1.6 കോടി വിദ്യാര്‍ഥികളാണ് 10-ാം ക്ലാസ് പരീക്ഷയെഴുതിയത്. അതില്‍ ഏഴു ലക്ഷം പേര്‍ മാത്രമാണ് സ്‌കൂള്‍ നടത്തിയ പരീക്ഷയെഴുതിയത്.

സി.ബി.എസ്.ഇക്കുവേണ്ടി എഡ്‌സില്‍ എന്ന ഏജന്‍സി നടത്തിയ പഠനത്തില്‍, 57.35% രക്ഷിതാക്കളും വിദ്യാര്‍ഥികളും 65.66% പ്രിന്‍സിപ്പല്‍മാരും അധ്യാപകരും രണ്ടു തരം പരീക്ഷയെന്നതു പഠനത്തോടുള്ള താല്‍പര്യം കുറയ്ക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ബോര്‍ഡുതന്നെ 10-ാം ക്ലാസിലെ പരീക്ഷ നടത്തണമെന്ന് 68.56% രക്ഷിതാക്കളും വിദ്യാര്‍ഥികളും, 84.95% പ്രിന്‍സിപ്പല്‍മാരും അധ്യാപകരും വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി സി.ബി.എസ്.ഇ തന്നെ നടത്തിയ ചര്‍ച്ചയിലും ബോര്‍ഡ് പരീക്ഷ നിര്‍ബന്ധിതമാക്കണമെന്ന അഭിപ്രായമുയര്‍ന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം തയാറാക്കുന്നതിനെന്നോണം മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍.സുബ്രഹ്മണ്യന്‍ അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടിലും പൊതു പരീക്ഷ ഒഴിവാക്കുന്നത് ഉചിതമല്ലെന്നാണ് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button