KeralaNews

കൊടിയേരിയുടെ പ്രസ്താവന : എത്രയും പെട്ടെന്ന് പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബി.ജെ.പി

തിരുവനന്തപുരം: പൊലീസിനെ തരംപോലെ ഉപയോഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ് കുമാര്‍ ആവശ്യപ്പെട്ടു. പ്രതിയോഗികളെ അടിച്ചമര്‍ത്താനും സി.പി.എമ്മിന്റെ ഇഷ്ടക്കാര്‍ക്കെതിരായ കേസുകള്‍ അട്ടിമറിക്കാനും പിണറായി പൊലീസിനെ ഉപയോഗിക്കുകയാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകളില്‍ സ്റ്റേഷന്‍ ജാമ്യം നല്‍കിയത് സി.പി.എം ഇടപെട്ടിട്ടാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഇതിന് ഉദാഹരണമാണ്.
കേരളാ പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം ആണെന്ന് കോടിയേരി തന്നെ സമ്മതിച്ച സ്ഥിതിക്ക് പിണറായി ഇനി ആഭ്യന്തരവകുപ്പ് കൈയില്‍ വെക്കുന്നതില്‍ അര്‍ഥമില്ല. പൊലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് കോടിയേരി ബാലകൃഷ്ണന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകും.

ഒരു സര്‍ക്കാരിന്റെ അവസാന കാലത്ത് ഉണ്ടായേക്കാവുന്ന പ്രതിഷേധങ്ങളാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിനെതിരെ അരങ്ങേറുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല ഘടകക്ഷികള്‍ പോലും പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ സമരവുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയിട്ടുണ്ട്.
അറസ്റ്റിലായവര്‍ മുഴുവന്‍ മാവോയിസ്റ്റുകളാണെന്ന് ബി.ജെ.പി ആരോപിച്ചിട്ടില്ല. പക്ഷേ അത് തെളിയിക്കേണ്ടത് പൊലീസ് അന്വേഷണത്തില്‍ കൂടിയാണ്. അല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളല്ല. കുറ്റവാളികളുടെ ജാതിയും മതവും നോക്കി നിലപാട് സ്വീകരിക്കുന്ന അവസ്ഥ കേരളത്തിന് ആശാസ്യമല്ലെന്നും എം.എസ് കുമാര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button