NewsGulf

പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം സൗദി തള്ളി

റിയാദ് : സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നിർദേശം സർക്കാർ തള്ളി. ആശ്രിത വിസയിലുള്ളവര്‍ക്ക് പ്രതിമാസം 200 മുതല്‍ 400 റിയാല്‍ വരെ നികുതി ഏര്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് സംബന്ധിച്ച നിർദേശം 2017 ലെ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് ധനമന്ത്രാലയം മുന്നോട്ടു വച്ചത്. എന്നാല്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗം ഈ നിര്‍ദ്ദേശം തള്ളി കളഞ്ഞു. രാജ്യത്ത് ആര്‍ക്കും പ്രത്യക്ഷ നികുതി വേണ്ടെന്നാണ് തീരുമാനം.

എന്നാൽ സ്വദേശികള്‍ കൂടുതലുള്ള കമ്പനികളില്‍ നികുതി കുറവും, സ്വദേശികള്‍ കുറവുള്ള സ്ഥാപനങ്ങളില്‍ നികുതി കൂടുതല്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. സൗദി അറേബ്യയുടെ 2017 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് പ്രത്യേക മന്ത്രിസഭ അംഗീകാരം നല്‍കി.

അതുപോലെ വരുമാനം കുറഞ്ഞ പൗരന്മാര്‍ക്കായി പ്രത്യേക അക്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അവശത അനുഭവിക്കുന്നവര്‍ക്കുള്ളതാണ് യൂണിഫോം സിറ്റിസണ്‍ അക്കൗണ്ട്. ഇതില്‍ നിശ്ചിത തുക പ്രതിമാസം സര്‍ക്കാര്‍ നിക്ഷേപിക്കും. ആളുകള്‍ക്ക് ആവശ്യമനുസരിച്ച്‌ ഈ തുക പിന്‍വലിക്കാം. സാമൂഹിക സുരക്ഷ ഉറപ്പാക്കാനാണ് ഈ പദ്ധതി. അഞ്ച് തലത്തില്‍ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ സൗദി പൗരന്മാരെ തരംതിരിക്കും. ഇതില്‍ അവസാന രണ്ട് തലത്തിലുള്ളവര്‍ക്കാകും ഈ സഹായം ലഭിക്കുക. 2018 മുതൽ വിദേശികളെ നിയമിക്കുന്ന കമ്പനികള്‍ക്ക് ഫീസ് കൂട്ടാനാണ് തീരുമാനം.

ഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയും പെട്രോളിന് റെക്കോഡ് വിലയിടിവ് സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൗരന്മാരുടെ പുരോഗതിയും തൊഴിലവസരവും മുന്നില്‍കണ്ടുള്ള ബജറ്റിന് അംഗീകാരം നല്‍കുന്നതെന്ന് സല്‍മാന്‍ രാജാവ് തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. രണ്ടാം കിരീടാവകാശി പ്രഖ്യാപിച്ച വിഷന്‍ 2030ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെയും ശേഷമുള്ള ആദ്യ ബജറ്റ് എന്ന പ്രത്യേകതകൂടി 2017 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button