NewsInternational

ഖത്തര്‍ മന്ത്രാലയത്തിന്റ പുതിയ തീരുമാനം മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് വലിയ തിരിച്ചടിയായി

ദോഹ : ഖത്തറില്‍ സ്വദേശികള്‍ക്ക് ജോലി സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 60 വയസ്സു തികഞ്ഞ വിദേശികള്‍ക്ക് താമസ രേഖ പുതുക്കി നല്‍കേണ്ടതില്ലെന്ന തീരുമാനം ഉടന്‍ നിലവില്‍ വരും. നിയമത്തിന്റെ കരട് തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് സ്വദേശികള്‍ക്ക് മതിയായ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നില്ലെന്ന വര്‍ധിച്ച പരാതികളെ തുടര്‍ന്നാണ് 60 വയസു തികഞ്ഞ വിദേശികള്‍ക്ക് താമസരേഖ പുതുക്കി നല്‍കേണ്ടെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ ഉത്തരവിറക്കിയത്. ഖത്തര്‍ വിഷന്‍ 2030ല്‍ ഉള്‍പ്പെട്ട സ്വദേശി വത്കരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഇത് നടപ്പിലായാല്‍ വിദേശികള്‍ക്ക് രാജ്യം വിടാനുള്ള പരമാവധി പ്രായപരിധി 60 വയസ്സായിരിക്കും. ഇതിനായി തയ്യാറാക്കിയ കരട് രേഖ പ്രകാരം ഒരു വിദേശിയുടെ പ്രായം 60 ആവുന്നതോടെ അദ്ദേഹത്തിന്റെ റെസിഡന്റ് പെര്‍മിറ്റ് സ്വമേധയാ റദ്ദാവും.

തുടര്‍ന്ന് തൊഴിലുടമയില്‍ നിന്നും മറ്റും ലഭിക്കാനുള്ള മുഴുവന്‍ ആനുകൂല്യങ്ങളും കൈപ്പറ്റി എത്രയും വേഗം രാജ്യം വിടണമെന്നാണ് നിര്‍ദേശം.

ഏതൊക്കെ രാജ്യക്കാരാണ് നിയമത്തിന്റെ പരിധിയില്‍ വരിക, ഏതൊക്കെ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇളവ് ലഭിക്കും തുടങ്ങിയ വിശദ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയം ഉടന്‍ പുറത്തിറക്കും. സ്വദേശി വത്കരണത്തിന്റെ ഭാഗമായി തൊഴിലുടമകള്‍ മുന്‍ഗണന നല്‍കേണ്ടത് ഖത്തരികള്‍ക്കായിരിക്കണമെന്നും ഇതിനാവശ്യമായ പരിശീലനങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരായിരിക്കുമെന്നും കരട് രേഖയില്‍ നിര്‍ദേശമുണ്ട്. ഇതിനുപുറമെ രാജ്യത്തുള്ള വിദേശികളെ കുറിച്ചും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ കുറിച്ചും വിശദമായ ഡാറ്റാബേസ് ആരംഭിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button