KeralaUncategorized

ഡല്‍ഹി യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത : കേന്ദ്ര റെയില്‍വേ മന്ത്രിയുടെ മറ്റ് പ്രധാന ഉറപ്പുകള്‍

തിരുവനന്തപുരം•സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. സംസ്ഥാനത്ത് അതിവേഗ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

രാജധാനി എക്‌സ്പ്രസ് ആഴ്ചയില്‍ അഞ്ചു ദിവസമാക്കുമെന്നും സംസ്ഥാനത്തെ റെയില്‍വേയുടെ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്താന്‍ റൈറ്റ്‌സിനെ ചുമതലപ്പെടുത്തുമെന്നും വെളിയിട വിസര്‍ജന രഹിത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സംസ്ഥാനത്തെ ട്രെയ്‌നുകളില്‍ ബയോ ടോയ്‌ലറ്റ് സംവിധാനം നടപ്പിലാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഹരിപ്പാട്- എറണാകുളം, തിരുവല്ല-കുറുപ്പന്തറ റെയില്‍പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്നും സ്ഥലമെടുപ്പിന് ആവശ്യമായ പണം അപ്പപ്പോള്‍ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.

തിരുവനന്തപുരം-നാഗര്‍കോവില്‍-കന്യാകുമാരി പാത വികസനത്തിന് അടുത്ത ബജറ്റില്‍ പണം നീക്കിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി-എരുമേലി-ശബരി റെയില്‍പാതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബഡ്ജറ്റില്‍ തുക വിലയിരുത്തും. കഞ്ചിക്കോട് റെയില്‍ ഫാക്ടറി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങാന്‍ ശ്രമം നടക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിലെ ട്രാക്കുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമായ വിഷയങ്ങള്‍ മുഖ്യമന്ത്രി റെയില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇതില്‍ ഉചിതമായ നടപടികള്‍ ഉണ്ടാകുമെന്ന് റെയില്‍മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. കാലപ്പഴക്കമുള്ള കോച്ചുകള്‍ക്കു പകരം പുതിയ കോച്ചുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് അനുഭാവപൂര്‍വമായ നടപടികളുണ്ടാവുമെന്നും റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികവത്കരിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്‌രി എന്നിവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button