Kerala

മോഷണം തുടര്‍ക്കഥ: ബിവറേജ് ഔട്ട്‌ലെറ്റുകള്‍ക്ക് ഇനി ലോക്കറും സെക്യൂരിറ്റിയും

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജ് ഔട്ട്‌ലെറ്റുകളുടെയും വെയര്‍ഹൗസുകളുടെയും സുരക്ഷ ശക്തമാക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. കോര്‍പ്പറേഷന്റെ 23 വെയര്‍ഹൗസുകളിലാണ് ലോക്കര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഗ്രാമപ്രദേശങ്ങളിലെയടക്കം ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുമെന്നും ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ എച്ച്.വെങ്കിടേഷ് വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏഴു ബിവറേജ് ഔട്ട്‌ലെറ്റുകളിലാണ് മോഷണം നടന്നത്. ഏകദേശം അമ്പതുലക്ഷത്തോളം രൂപയും മുന്തിയഇനം മദ്യവും മോഷ്ടാക്കള്‍ കവര്‍ന്നു.

ഉത്സവസീസണുകളിലാണ് ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ ഏറെയും മോഷണശ്രമം നടക്കുന്നത്. ഈ കാലങ്ങളില്‍ മദ്യവില്‍പനയുടെ ഭാഗമായി കൂടുതല്‍ തുക ഓരോ ഔട്ട്‌ലെറ്റുകളിലും ഉണ്ടാകും. പത്തുലക്ഷം രൂപക്ക് മുകളില്‍ പ്രതിദിന വിറ്റുവരവ് ഉണ്ടാകുന്ന ഔട്ട്‌ലെറ്റുകളോട് അതാതുദിവസം തന്നെ തുക സമീപത്തെ വെയര്‍ഹൗസുകളിലെ ലോക്കറിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓരോ ഔട്ട്‌ലെറ്റിനും പുതിയ ലോക്കര്‍ നല്‍കാനും തീരുമാനമുണ്ട്. ഗ്രാമീണമേഖലയില്‍ ബിവറേജ് കോര്‍പ്പറേഷന് നൂറിലധികം ഔട്ട്‌ലെറ്റുകളുണ്ട്. ഇവ പലതും വേണ്ടത്ര സുരക്ഷയില്ലാത്ത വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ ഉടന്‍ തന്നെ രാത്രികാല സേവനത്തിനായി സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുമെന്നും എച്ച്.വെങ്കിടേഷ് പറഞ്ഞു. ബിവറേജ് കോര്‍പ്പറേഷന് സംസ്ഥാനത്ത് 270ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. ഇവയെല്ലാം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടെങ്കിലും മോഷണം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഇന്‍ഷ്വറന്‍സ് കമ്പനികളില്‍നിന്നും ക്ലെയിം തുക ലഭിക്കാന്‍ കാലതാമസം ഉണ്ടാകുന്നതായും അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button