India

103 ഉപഗ്രഹങ്ങളുമായി പറക്കുന്ന ഇന്ത്യന്‍ റോക്കറ്റ് കുതിച്ചുയരുന്നത് ചരിത്രത്തിലേക്ക്

ചെന്നൈ : ഐഎസ്ആര്‍ഒ മറ്റൊരു ചരിത്രദൗത്യത്തിന് തയാറെടുക്കുകയാണ്. ഒറ്റയടിക്ക് 103 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചരിത്രമാവാനാണ് ഐ.എസ്.ആര്‍.ഒ. ഒരുങ്ങുന്നത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പദ്ധതിയില്‍ പി.എസ്.എല്‍.വി. സി37, ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും. യു.എസ്., ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ നടന്നുവരുന്ന ശാസ്ത്രമേളയിലാണ് ഐ.എസ്.ആര്‍.ഒ. ഇക്കാര്യം അറിയിച്ചത്. നൂറിലധികം ഉപഗ്രഹങ്ങള്‍ അയച്ച് സെഞ്ച്വറി നേടുകയാണ് ലക്ഷ്യമെന്ന് ഐ.എസ്.ആര്‍.ഒ., ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടര്‍ സോംനാഥ് പറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിലെ വലിയ നേട്ടമായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ 83 ഉപഗ്രഹങ്ങളുമായി ഡിസംബര്‍ 26നാണ് വിക്ഷേപണം പദ്ധതിയിട്ടിരുന്നത്. പിന്നീട് ഉപഗ്രഹങ്ങളുടെ എണ്ണം 103 ആയി വര്‍ധിച്ചതോടെ ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു.

വാണിജ്യാടിസ്ഥാനത്തില്‍ നിരവധി രാജ്യങ്ങളും സ്ഥാപനങ്ങളും തങ്ങളുടെ ഉപഗ്രഹങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഐഎസ്ആര്‍ഒയെ സമീപിച്ചതോടെയാണ് ഉപഗ്രഹങ്ങളുടെ എണ്ണം ഉയര്‍ത്താന്‍ ഐഎസ്ആര്‍ഒ തീരുമാനിച്ചത്. ഇതോടെ ഇന്ത്യയ്ക്ക് വരുമാനം നേടിക്കൊടുക്കുന്ന ദൗത്യമായി ഐഎസ്ആര്‍ഒയുടെ പദ്ധതികള്‍ മാറിയിട്ടുണ്ട്. വിക്ഷേപിക്കുന്നതില്‍ കാര്‍ട്ടോസാറ്റടക്കം മൂന്ന് ഉപഗ്രഹങ്ങള്‍ ഇന്ത്യയുടേതാണ്. 700 കിലോഗ്രാമാണ് കാര്‍ട്ടോസാറ്റിന്റെ ഭാരം. അമേരിക്കയുടെ നാനോ ഉപഗ്രഹങ്ങളാണ് എണ്ണത്തില്‍ കൂടുതല്‍. ലോകത്ത് ഒരു ബഹിരാകാശ ഏജന്‍സിയും നൂറിലേറെ ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിട്ടില്ല. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഒന്നിനു പിറകെ മറ്റൊന്നായി ഇത്രയധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്കു കൃത്യതയോടെ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്നത് പിഎസ്എല്‍വി-സി37 റോക്കറ്റാണ്.

ഇന്ത്യന്‍ പരീക്ഷണങ്ങളെല്ലാം വിജയം കാണുന്നതോടെയാണ് വിക്ഷേപണ രംഗത്തെ ഇന്ത്യയെ കൂടുതലായി വിശ്വസിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറായത്. മൂന്നു മുതല്‍ 25 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളാണിവ. ജര്‍മനിയുടെ ഉപഗ്രഹങ്ങളും പിഎസ്എല്‍വി-സി 37 ഭ്രമണപഥത്തിലെത്തിക്കും. നേരത്തെ, 20 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റില്‍ ഭ്രമണപഥത്തിലെത്തിച്ച ചരിത്രം ഐഎസ്ആര്‍ഒയ്ക്കുണ്ട്. 2014ല്‍ 37 ഉപഗ്രഹങ്ങളെ ഒറ്ററോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്ത് എത്തിച്ച റഷ്യയുടേതാണ് ഈ രംഗത്ത് നിലവിലുള്ള റെക്കോഡ്. അമേരിക്കന്‍ സ്പേസ് ഏജന്‍സി 29 ഉപഗ്രഹങ്ങളുമായി തൊട്ടു പിന്നിലുണ്ട്. ഈ വിക്ഷേപണത്തിനു സമാന്തരമായി ചാന്ദ്രയാന്‍ 2, മംഗള്‍യാന്‍ 2 എന്നീ പദ്ധതികളും ഐഎസ്ആര്‍ഒ മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും ശേഷി വര്‍ധിപ്പിക്കുന്നതിലും ചെലവുചുരുക്കുന്നതിലും ഐഎസ്ആര്‍ വലിയതോതില്‍ വിജയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഐഎസ്ആര്‍ഒയ്ക്ക് ചുരുങ്ങിയ ബജറ്റില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകുന്നത്. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനം, അന്തരീക്ഷത്തിലെ തന്നെ ഓക്സിജന്റെ ഉപയോഗം തുടങ്ങിയ അത്യാധുനിക പരീക്ഷണങ്ങളും ഐഎസ്ആര്‍ഒ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button