Kerala

ജനപക്ഷം പാര്‍ട്ടി സംസ്ഥാന വ്യാപകമാക്കാന്‍ പി.സി ജോര്‍ജ്; പ്രഖ്യാപന കണ്‍വെന്‍ഷന്‍ ജനുവരി 30ന്

തിരുവനന്തപുരം: കേരള നിയമസഭയിലെ ഒറ്റയാന്‍ പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനപക്ഷം എന്നപേരില്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാക്കുന്നു. ജനപക്ഷ സ്ഥാനാര്‍ഥി എന്ന പേരിലാണ് പി.സി ജോര്‍ജ് പൂഞ്ഞാറില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കെതിരേ മികച്ച വിജയം നേടിയത്. അതുകൊണ്ടുതന്നെ പുതിയതായി തുടങ്ങുന്ന പാര്‍ട്ടിക്ക് ജനപക്ഷം എന്ന പേരുമതിയെന്ന് ജോര്‍ജ് തീരുമാനിക്കുകയായിരുന്നു. നിലവില്‍ ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറിലെ ചില പഞ്ചായത്തുകളില്‍ മാത്രമാണ് ജനപക്ഷത്തിന് യൂണിറ്റുകളുള്ളത്. ഈമാസം 30നു പാര്‍ട്ടി പ്രഖ്യാപന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് നയപരിപാടികള്‍ വിശദീകരിക്കുമെന്നു പി.സി ജോര്‍ജ് വ്യക്തമാക്കി. കേരളത്തിലെ മൂന്നു മുന്നണികളോടും തന്റെ പാര്‍ട്ടിക്ക് സമദൂര നിലപാടിയിരിക്കും. രാഷ്ട്രീയത്തിലെ ഏത് മേഖല എടുത്താലും കേരള കോണ്‍ഗ്രസ് കാണിച്ചത് പോലെ വഞ്ചന ആരും കാണിച്ചിട്ടില്ല. അത്തരത്തിലൊരു പാര്‍ട്ടി ഇനി കേരളത്തില്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും ആ പേര് പറയാന്‍ പോലും താന്‍ മടിക്കുന്നതായും ജോര്‍ജ് പ്രതികരിച്ചു.

shortlink

Post Your Comments


Back to top button