India

നോട്ടുപിന്‍വലിക്കല്‍ ഇന്ത്യയില്‍ ഉണ്ടാക്കുന്നത് വലിയ മാറ്റങ്ങള്‍ – അമിതാഭ് കാന്ത്

ബെംഗളൂരു : നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടാവുന്ന മാറ്റങ്ങള്‍ സാമ്പത്തിക രംഗത്തെ സാങ്കേതികതയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത്. പ്രവാസി ഭാരതീയ ദിവസ് 2017ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സാങ്കേതികവിദ്യയുടെയും സാമൂഹ്യമാറ്റത്തിന്റെയും കാര്യത്തില്‍ ഇന്ത്യയില്‍ വലിയ കുതിച്ചുചാട്ടമാണ് സംഭവിക്കാനിരിക്കുന്നത്.

നോട്ടുകള്‍ ഉപയോഗിച്ച് വിനിമയം നടക്കുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത്. എന്നാല്‍ 2-2.5 ശതമാനം ഇന്ത്യക്കാര്‍ മാത്രമാണ് ആദായ നികുതി നല്‍കുന്നത്. ഈ അവസ്ഥ മാറണം. അതിനുവേണ്ടിയാണ് നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 7.6 ശതമാനമാണ് ഇന്ത്യയുടെ പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക്. വളരെയധികം തളര്‍ച്ച നേരിടുന്ന ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഇത് വലിയ നേട്ടമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കൊണ്ട് ഇത് 9-10 ശതമാനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

2020ഓടെ ഇന്ത്യയില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, എടിഎം, പിഒഎസ് മെഷീനുകള്‍ തുടങ്ങിയവ അപ്രസക്തമാകും. പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇല്ലാതാകും. ഡിജിറ്റല്‍ പണമിടപാടുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ അതിലേയ്ക്കുള്ള പാതയിലാണ് രാജ്യം. വിരല്‍ അടയാളം ഉപയോഗിച്ച് എല്ലാ സാമ്പത്തിക ഇടപാടുകളും നടത്താനാവുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button