KeralaNews

ഐ.എ.എസുകാരുടെ അവധി: പിണറായി സര്‍ക്കാര്‍ നേരിടുന്നത് അഗ്നിപരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നാളെ കൂട്ടത്തോടെ അവധിയെടുക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടാകുമെന്ന് ഉറപ്പായി. പ്രധാന വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. അതുകൊണ്ടുതന്നെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരപ്രഖ്യാപനം സര്‍ക്കാരിന് കനത്ത വെല്ലുവിളി സൃഷ്ടിക്കും. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഒരു സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും കടുത്ത അഗ്നിപരീക്ഷയായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. സമരത്തെ സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്നതിലും ആശങ്കയുണ്ട്.

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് കൂട്ടഅവധിയെടുക്കാന്‍ ശനിയാഴ്ച ചേര്‍ന്ന ഐ.എ.എസ് അസോസിയേഷന്‍ യോഗം തീരുമാനിച്ചത്.. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ കെ.എം എബ്രഹാം, ടോം ജോസ്, പോള്‍ ആന്റണി എന്നിവര്‍ക്കെതിരായ ജേക്കബ് തോമസിന്റെ നീക്കമാണ് ഐ.എ.എസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത മുപ്പതില്‍ ഇരുപത്തിയെട്ടുപേരും നാളെ പ്രതിഷേധ സമരം നടത്തണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. രണ്ടുപേര്‍ മാത്രമാണ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയശേഷം മതിയെന്ന നിലപാട് എടുത്തത്.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടികളാണ് ജേക്കബ് തോമസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പ്രതിഷേധ സമരത്തില്‍നിന്നും പിന്നോട്ടില്ലെന്നു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി കഴിഞ്ഞു. മുഴുവന്‍ ഉദ്യോഗസ്ഥരും ഇന്നലെ ചീഫ് സെക്രട്ടറിക്ക് അവധി അപേക്ഷ നല്‍കി. ക്രമസമാധാന ചുമതലുള്ളതിനാല്‍ ജില്ലാ കലക്ടര്‍മാരും സബ് കലക്ടര്‍മാരും ജോലി ചെയ്ത് പ്രതിഷേധിക്കണമെന്നും യോഗം നിര്‍ദേശിച്ചിരുന്നു.

ഏറ്റവും ഒടുവില്‍ ഇ.പി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ വ്യവസായ സെക്രട്ടറി പോള്‍ ആന്റണിയെ വിജിലന്‍സ് പ്രതിചേര്‍ത്തതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. മന്ത്രിയുടെ നിര്‍ദേശം പാലിച്ച ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ടോം ജോസിനെ വിജിലന്‍സ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനുമുമ്പായിരുന്നു ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെ.എം എബ്രഹാമിന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വൈര്യനിര്യാതന ബുദ്ധിയോടെ പെരുമാറുന്നുവെന്നും നാല്‍പത് കോടിയോളം രൂപയുടെ അനധികൃ സമ്പാദ്യം ജേക്കബ് തോമസിനുണ്ടെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ.എ.എസ് അസോസിയേഷന്‍ യോഗം പ്രമേയം പാസാക്കിയിരുന്നു.

അതേസമയം ഐ.എ.എസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നാളെ രാവിലെ കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി സമയം നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button