International

ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ പ്രായം തടസ്സമാകില്ലെന്ന് തെളിയിച്ച് ഒരു മുത്തശ്ശി

ആഗ്രഹങ്ങള്‍ക്കു മുന്നില്‍ പ്രായം തടസമാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അര്‍ജന്റീനയിലെ ഒരു മുത്തശ്ശി. പതിനെട്ടാമത്തെ വയസില്‍ ഉപേക്ഷിക്കേണ്ടി വന്ന ടെന്നീസ് റാക്കറ്റ് 83-ാമത്തെ വയസില്‍ കൈയിലെടുത്തിരിക്കുകയാണ് അന ഒബേറ ഡി പെരേര എന്ന മുത്തശ്ശി. കുട്ടിക്കാലത്ത് നല്ല കളിക്കാരിയായിരുന്നു അന. ടെന്നീസ് താരമാകുക എന്നതായിരുന്നു ലക്ഷ്യവും. എന്നാല്‍ പതിനെട്ടാമത്തെ വയസില്‍ വിവാഹിതയായതോടെ ടെന്നീസ് താരമാവുകയെന്ന സ്വപ്‌നം മാറ്റിവെയ്‌ക്കേണ്ടി വന്നു.

മിക്‌സഡ് ഡബിള്‍സില്‍ മറ്റു പുരുഷന്മാര്‍ക്കൊപ്പം അന കളിക്കുന്നത് അവരുടെ ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ല. അങ്ങനെയാണ് അന ടെന്നീസ് കോര്‍ട്ടിനോട് വിട പറയുന്നത്. വിവാഹശേഷം പത്ത് മക്കള്‍ കൂടി ജനിച്ചതോടെ അന വീട്ടമ്മയായി മാറി. പതിനെട്ടാമത്തെ വയസില്‍ അവസാനിപ്പിച്ച കളി പിന്നീട് അനയുടെ ജീവിതത്തിലേക്ക് തിരികെ വരുന്നത് നാല്‍പ്പതാമത്തെ വയസ്സിലാണ്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് കളിച്ചു തുടങ്ങിയത്. അറുപതിന്റെ പടി ചവിട്ടിയതിനു ശേഷമാണ് അന ടെന്നീസ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്.

മല്‍സരങ്ങള്‍ക്കായി ആഴ്ചയില്‍ മൂന്നു തവണ പരിശീലനവും അന നടത്താറുണ്ട്. ഇക്കഴിഞ്ഞ ദിവസം എണ്‍പതിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി നടത്തുന്ന അര്‍ജന്റീന സീനിയര്‍ മാസ്റ്റേഴ്‌സ് മല്‍സരത്തില്‍ അന കിരീടം സ്വന്തമാക്കിയിരുന്നു. എണ്‍പത് വയസിനു മുകളിലുള്ള കളിക്കാരുടെ മൂന്നാം സ്ഥാനക്കാരിയാണ് അന. സീനിയര്‍ മാസ്റ്റേഴ്‌സിലെ ഇവരുടെ പ്രകടനം കാണാന്‍ മക്കളും കൊച്ചുമക്കളും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

shortlink

Post Your Comments


Back to top button