KeralaNews

മന്ത്രി ബാലന്റെ ഭാര്യക്ക് നെഹ്‌റു ഗ്രൂപ്പുമായി അടുത്ത ബന്ധം : ജിഷ്ണുവിന്റെ മരണം ഒതുക്കിതീര്‍ക്കാന്‍ ശ്രമിയ്ക്കുന്നുവെന്ന് ആരോപണം

തൃശൂര്‍: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു പാമ്പാടി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണം. ജിഷ്ണുവിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് മാനേജ്‌മെന്റിന്റെ കടുത്ത ഇടപെടലുകളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിഷ്ണു നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ എസ.എഫ്.ഐയുടെ മുന്നണി പോരാളി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും പഠനത്തില്‍ മികവ് തെളിയിച്ച മിടുമിടുക്കന്‍. ഈ കുട്ടിയെയാണ് കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരത ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റവും ചര്‍ച്ചയായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലേക്ക് കാര്യങ്ങളെത്തിച്ച സംഭവം. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.

മരിച്ച ജിഷ്ണു പ്രണോയി(18)യുടെ കുടുംബത്തെ സര്‍ക്കാര്‍ അവഗണിച്ചതായി ആക്ഷേപം സജീവമാകുന്നത് ഇതുകൊണ്ടാണ്. ജിഷ്ണു മരിച്ച് അഞ്ച് നാള്‍ പിന്നിടുമ്പോള്‍ സംസ്ഥാന മന്ത്രിമാരാരും വീട്ടിലെത്തിയിട്ടില്ല എന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്. ഇതില്‍ ബന്ധുക്കള്‍ക്കൊപ്പം നാട്ടുകാര്‍ക്കും അമര്‍ഷമുണ്ട്. സംഭവത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ആളികത്തുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ വേണ്ടരീതിയിലുള്ള ഇടപെടലുകള്‍ നടക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. ജിഷ്ണുവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്നുള്ള ആരോപണവും ഉയരുന്നുണ്ട്. കോഴിക്കോട് ജില്ലയിലാണ് ജിഷ്ണുവിന്റെ വീട്. ഇവിടെ ടി.പി രാമകൃഷ്ണനെന്ന മന്ത്രിയുണ്ട്. കണ്ണൂരില്‍ ഒന്നിലേറെ മന്ത്രിമാര്‍. വിദ്യാഭ്യാസ മന്ത്രിയും മലബാറില്‍ കറങ്ങി നടക്കുന്ന വ്യക്തി. പക്ഷേ ജിഷ്ണുവിന്റെ വീട്ടില്‍ വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥും എത്തിയില്ല.

സാങ്കേതിക സര്‍വ്വകലാശാല അധികൃതര്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ കോപ്പിയടി നടന്നിട്ടില്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മാനേജ്‌മെന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇതും അംഗീകരിക്കപ്പെടുന്നില്ല. ഇതോടെ ചര്‍ച്ചയാകുന്നത് ഇടത് പക്ഷവും നെഹ്‌റു ഗ്രൂപ്പുമായുള്ള ബന്ധമാണ്. മന്ത്രി എകെ ബാലന്റെ ഭാര്യ മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജമീല നെഹ്‌റു ഗ്രൂപ്പിലെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃസ്ഥാനത്തുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഈ പദവിയിലെത്തിയത്. ഇത് വിവാദമായതോടെ അവര്‍ സ്ഥാനം ഒഴിഞ്ഞതായാണ് സൂചന. ഈ ബന്ധം കാരണമാണ് നെഹ്‌റു കോളേജിനെതിരെ സിപിഐ(എം) നേതാക്കള്‍ സംസാരിക്കാത്തതെന്നാണ് വാദം.

മുന്‍ മന്ത്രി കെ.പി വിശ്വനാഥന്റെ മകനാണ് കോളേജ് പിആര്‍ഒ. ഇയാള്‍ക്കെതിരെയാണ് ആരോപണങ്ങള്‍. അത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്ത് ഇയാളെ ജയിലില്‍ അടയ്ക്കണമെന്നാണ് ആവശ്യം. കൈരളി ടിവിയും എസ് എഫ് ഐയും കൈകോര്‍ത്ത് പ്രതിഷേധം ആളിക്കത്തിച്ചിട്ടും ഇതൊന്നും നടന്നിട്ടില്ല. ഇതിന് കാരണം ബാലന്റെ ഭാര്യയും മാനേജ്‌മെന്റുമായുള്ള ബന്ധം തന്നെയെന്ന ആരോപണം സജീവമാണ്. നെഹ്‌റു ഗ്രൂപ്പിനെ പിണക്കാതിരിക്കാനാണ് ജിഷ്ണുവിന്റെ വീട്ടില്‍ പോലും മന്ത്രിമാര്‍ എത്താത്തതെന്നും സോഷ്യല്‍ മീഡിയയില്‍ ആരോപണം സജീവമാണ്.

പാമ്പോടി നെഹ്‌റു എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജിന്റെ വാദങ്ങള്‍ തള്ളി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അധികൃതര്‍ രംഗത്ത് വന്നിരുന്നു. ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പരീക്ഷാകണ്‍ട്രോളര്‍ ഡോ. എസ്.ഷാബു വ്യക്തമാക്കി. പരീക്ഷക്കിടെ കോപ്പിയടിക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്താല്‍ അന്നുതന്നെ സര്‍വകലാശാലയെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ജിഷ്ണു കോപ്പിയടിച്ചതായ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു.

കോപ്പിയടിച്ചതിന് അദ്ധ്യാപകര്‍ പിടികൂടിയതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കോളേജ് അധികൃതര്‍ പറഞ്ഞിരുന്നത്. ക്ലാസ്‌റൂമില്‍വച്ച് ജിഷ്ണുവിനെ അദ്ധ്യാപകര്‍ അപമാനിച്ചെന്ന് സഹപാഠികള്‍ പറയുന്നു. മൃതദേഹത്തില്‍ കണ്ടമുറിപ്പാടുകള്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണമാണെന്ന് ബന്ധുക്കളും സഹപാഠികളും ആരോപിക്കുന്നുണ്ട്. കോളേജില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടക്കുന്നതായും വിദ്യാര്‍ത്ഥികളെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

മാനേജ്‌മെന്റിനെതിരെ പൊലീസിനും സര്‍ക്കാരിനും സര്‍വകലാശാലക്കും പരാതികളുടെ പ്രവാഹമാണ്. നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുകയും സസ്‌പെന്റ് ചെയ്യുകയും പതിവാണെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തബന്ധമുള്ള മാനേജ്‌മെന്റ് കേസുകള്‍ ഒതുക്കിത്തീര്‍ക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും പിആര്‍ഒയും ചേര്‍ന്ന് പീഡിപ്പിച്ചതുമൂലമാണ് ജിഷ്ണു മാനസികമായി തകര്‍ന്നതും ആത്മഹത്യ ചെയ്തതും എന്നാണ് വിവിധ പരാതികളില്‍ സഹപാഠികള്‍ ആരോപിക്കുന്നത്. എന്നിട്ടും പൊലീസ് കേസെടുക്കാത്തതാണ് ഇത്തരത്തിലെ സിപിഐ(എം) വിരുദ്ധ ആരോപണങ്ങള്‍ സജീവമാകാന്‍ കാരണം.

shortlink

Post Your Comments


Back to top button