NewsIndia

ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഇടപെടാന്‍ സോണിയക്ക് വയലാര്‍ രവിയുടെ കത്ത്

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് മുതിര്‍ന്ന നേതാവ് വയലാര്‍ രവി. ഉമ്മന്‍ചാണ്ടിയെ വ്രണപ്പെടുത്തുന്ന സമീപനം ഉണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടി വയലാര്‍ രവി ഹൈക്കമാന്‍ഡിനു കത്തയച്ചു. കേരളത്തില്‍ ജനപിന്തുണയുള്ള നേതാവായ ഉമ്മന്‍ചാണ്ടിയെ പിണക്കി നിര്‍ത്തുന്നത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും അതിനാല്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും വയലാര്‍ രവി കത്തില്‍ ആവശ്യപ്പെടുന്നു.

അതേസമയം പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നേരിട്ട് ഇടപെടുമെന്നാണ് സൂചന. ഇതുസംബന്ധിച്ചു കേരളത്തില്‍നിന്നുള്ള എം.പിമാരുടെ അഭിപ്രായം സോണിയാഗാന്ധി ആരാഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി മാറി നില്‍ക്കുന്ന സാഹചര്യം പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നാണു എം.പിമാര്‍ അറിയിച്ചിട്ടുള്ളത്. കേരളത്തിലെ യു.ഡി.എഫ് നേതാക്കള്‍ക്കും സമാനമായ അഭിപ്രായമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിക്കാനാണ് സോണിയാഗാന്ധിയുടെ തീരുമാനം. അതിനിടെ ഉമ്മന്‍ചാണ്ടിയുടെ അഭാവത്തിലും കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടികള്‍ വന്‍ വിജയമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ അയച്ച കത്തും ഹൈക്കമാന്‍ഡിന്റെ പരിഗണനയിലാണ്. കേരളത്തിലെ കോണ്‍ഗ്രസ് വ്യക്തി കേന്ദ്രീകൃതമല്ലെന്നു സ്ഥാപിക്കുകയാണ് സുധീരന്റെ ഉദ്ദേശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button