KeralaNews

കേരളത്തിലെ പൊലീസുകാര്‍ക്ക് ഇക്കുറി മെഡലില്ല

തിരുവനന്തപുരം: പൊലീസില്‍ സ്തുത്യര്‍ഹ സേവനം നടത്തിയവരെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി മെഡല്‍ നല്‍കി ആദരിക്കാറുണ്ട്. കേരളത്തിലുള്ള നിരവധി പൊലീസ് ഉദ്യോഗസ്ഥരും എല്ലാവര്‍ഷവും മെഡലിന് അര്‍ഹരാകുന്നുമുണ്ട്. എന്നാല്‍ ഇക്കുറി രാഷ്ട്രപതി പ്രഖ്യാപിക്കുന്ന പൊലീസ് മെഡല്‍ പട്ടികയില്‍ ഇക്കുറി കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഉണ്ടാകില്ലെന്നാണ് സൂചന. പൊലീസ് മെഡലുകള്‍ക്കായി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കേണ്ട പട്ടിക ആഭ്യന്തരവകുപ്പ് പൂഴ്ത്തിവെച്ചതാണ് കാരണം. പട്ടിക ലഭ്യമാകാന്‍ വൈകിയതിനാല്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ മെഡലിനു പരിഗണിക്കാനാകില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്.

മെഡലിന് അര്‍ഹതയുള്ളവരുടെ പട്ടിക പൊലീസ് ആസ്ഥാനത്തുനിന്ന് ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ചിരുന്നു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി, വിജിലന്‍സ് ഡയറക്ടര്‍, ചീഫ് സെക്രട്ടറി എന്നിവരടങ്ങുന്ന ഉന്നതതല സമിതി യോഗം ചേര്‍ന്നാണ് തുടര്‍നടപടി സ്വീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ സമിതി ഇതുവരെ യോഗം ചേര്‍ന്നില്ല. സംസ്ഥാനത്ത് ഐ.എ.എസ്- വിജിലന്‍സ് തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ പങ്കെടുക്കുന്ന യോഗത്തില്‍ സംബന്ധിക്കാന്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് താല്‍പര്യമില്ലാത്തതാണ് യോഗം മുടങ്ങിയത് എന്നാണ് ആക്ഷേപം. അതേസമയം മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button