KeralaNews

എണ്ണൂറോളം മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് നേതൃപരിശീലനം നല്‍കാന്‍ ബി.ജെ.പി

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുത്ത ബി.ജെ.പിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക നേതൃത്വ പരിശീലനം നല്‍കാന്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം. ബി.ജെ.പിയുടെ കാര്യവിസ്താര്‍ യോജന പദ്ധതി പ്രകാരമാണ് ഇത്. 15 ദിവസം, മൂന്നു മാസം, ആറു മാസം എന്നിങ്ങനെ കാലയളവില്‍ വീടുവിട്ട് പാര്‍ട്ടി നിര്‍ദേശിക്കുന്ന ജില്ലയില്‍ പ്രവര്‍ത്തനത്തിനു തയ്യാറുള്ളവരെയാണ് ഇതിനായി നിയോഗിക്കുന്നത്. മുഴുവന്‍സമയ പ്രവര്‍ത്തകരാണു സംഘടനയുടെ ജീവനാഡിയെന്ന തിരിച്ചറിവിലാണ് ഈ പദ്ധതി. ഓരോ ജില്ലയിലും സന്നദ്ധരായവരില്‍ നിന്നു യോഗ്യരായവരെ തിരഞ്ഞെടുത്തു പരിശീലനം നല്‍കും. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ് മാതൃക പിന്തുടരാനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ തീരുമാനം. ലോകസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ആര്‍.എസ്.എസ് മാതൃകയില്‍ കേരളത്തില്‍ എണ്ണൂറോളം മുഴുവന്‍സമയ പ്രവര്‍ത്തകരെ നിയോഗിക്കാനാണ് നീക്കം. ഇന്ന് ആരംഭിച്ച സംസ്ഥാന നേതൃയോഗത്തില്‍ ഇതുസംബന്ധിച്ചു തീരുമാനമെടുക്കും. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ മറ്റു ജില്ലകളില്‍ 15 ദിവസമെങ്കിലും പ്രവര്‍ത്തിക്കണമെന്നാണു വ്യവസ്ഥ.

shortlink

Post Your Comments


Back to top button