Latest NewsNewsIndia

‘ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാല്‍ കാത്തിരിക്കുന്നത് മഹാവിനാശം’; പാകിസ്താന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാകിസ്താന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാല്‍ കാത്തിരിക്കുന്നത് മഹാവിനാശമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇനി കുറച്ച് കാലത്തേയ്ക്ക് പാകിസ്താന് സമാധാനമായി ഉറങ്ങാന്‍ കഴിയില്ല. ബ്ലാക് മെയിലിങ്ങിന് മുന്നില്‍ വഴങ്ങില്ലെന്നും ഭീകരവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ഒരേപോലെ കാണുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബിലെ ആദംപൂരിലെ വ്യോമതാവളത്തില്‍ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ നയം, ഉദ്ദേശ്യങ്ങള്‍, നിര്‍ണായക കഴിവുകള്‍ എന്നിവയുടെ പ്രതിഫലനമാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് പ്രധാനമന്ത്രി പറഞ്ഞു .
നമ്മുടെ നിരപരാധികളായ സാധാരണക്കാരുടെ രക്തം ചിന്തലിന് ഒരു മറുപടിയേയുള്ളൂവെന്നും അത് ഭീകരരുടെ സമ്പൂര്‍ണ്ണ നാശമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ സൈന്യം ചരിത്രം രചിച്ചുവെന്നും ഇതിഹാസ പോരാട്ടമാണ് നടത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാന തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ന്നു. ഒന്‍പതിലധികം കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടു, നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ത്യയ്ക്ക് നേരെ നോക്കാന്‍ പോലും ധൈര്യപ്പെട്ടാല്‍ തങ്ങള്‍ ഇല്ലാതാകുമെന്ന് താവ്രവാദികള്‍ക്ക് മനസിലായി. പാകിസ്ഥാന്‍ സിവിലിയന്‍ വിമാനങ്ങളെ മറയാക്കിയപ്പോള്‍ നിങ്ങള്‍ ( സേന ) സിവിലിയന്‍ വിമാനങ്ങള്‍ക്ക് ഒരു കേടുപാടും സംഭവിക്കാതെ പാകിസ്താന് മറുപടി നല്‍കി. പാകിസ്ഥന്റെ ഡ്രോണ്‍, മിസൈല്‍ പോര്‍ വിമാനങ്ങള്‍ എന്നിവ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മുന്‍പില്‍ തകര്‍ന്നുവീണു. ഭാരതത്തിന്റെ ലക്ഷ്മണരേഖ ഇതോടെ വ്യക്തമായി – പ്രധാനമന്ത്രി വിശദമാക്കി.

നിങ്ങള്‍ പൂര്‍ണതയോടെ ലക്ഷ്യത്തിലെത്തി എന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. പാകിസ്താന്റെ ഭീകര ക്യാമ്പുകളും അവരുടെ വ്യോമതാവളങ്ങളും മാത്രമല്ല നശിപ്പിക്കപ്പെട്ടത്, അവരുടെ ദുഷ്ട പദ്ധതികളും അഹന്തയും തകര്‍ത്തു. പാകിസ്താന്‍ ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ ആക്രമിക്കാന്‍ പലതവണ ശ്രമിച്ചു. പക്ഷേ, അവരുടെ ഹീനമായ പദ്ധതികള്‍ ഓരോ തവണയും പരാജയപ്പെട്ടു – പ്രധാനമന്ത്രി വ്യക്തമാക്കി.

സൈന്യം ഓരോ ഇന്ത്യക്കാരനെയും അഭിമാനഭരിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുള്ളതുകൊണ്ടാണ് ഞങ്ങള്‍ക്ക് തലയുയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നത്. നിങ്ങള്‍ ചരിത്രം രചിച്ചു. നിങ്ങള്‍ക്ക് ആദരമര്‍പ്പിക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. നിങ്ങളെല്ലാം ധീരരായ യോദ്ധാക്കളാണ്. കാണാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഇന്ത്യയുടെ ചരിത്രത്തിലെ ഈ അധ്യായം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, കേന്ദ്ര നായകര്‍ നിങ്ങളും നിങ്ങളുടെ സഹപ്രവര്‍ത്തകരുമായിരിക്കും. വരും തലമുറകകള്‍ക്ക് നിങ്ങള്‍ പ്രചോദനമാണ് – അദ്ദേഹം സൈന്യത്തോടായി പറഞ്ഞു.

ഇന്ത്യ ഗൗതമ ബുദ്ധന്റെയും ഗുരു ഗോബിന്ദ് സിംഗിന്റെയും നാടാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇന്ത്യയുടെ സായുധ സേനയെയാണ് വെല്ലുവിളിച്ചതെന്ന് ശത്രുക്കള്‍ മറന്നുപോയെന്നും വ്യക്തമാക്കി. ഇന്ത്യയെ ലക്ഷ്യം വെക്കുന്നത് അവരുടെ നാശത്തിലേക്കേ നയിക്കൂ എന്നത് ഭീകരതയുടെ തലതൊട്ടപ്പന്‍മാര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button