
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഭീകരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് പാകിസ്ഥാനിലെ ഉന്നത സൈനിക, സര്‍ക്കാര്‍ പ്രതിനിധികള്‍. ഇവരുടെ പേരുവിവരങ്ങള്‍ ഇന്ത്യ പുറത്തുവിട്ടു. ലഷ്കര്‍-ഇ-ത്വയ്ബ കമാന്‍ഡര്‍ അബു ജുന്‍ഡാല്‍ എന്നറിയപ്പെടുന്ന മുദാസര്‍ ഖാദിന്‍ ഖാസിന്റെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്.
നരോവല്‍ ജില്ലയിലെ മുരിദ്കെയിലെ മര്‍കസ് തൈബക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ ആക്രമണങ്ങളില്‍ വകവരുത്തിയ അഞ്ച് പ്രധാന ഭീകരരില്‍ ഒരാള്‍ കൂടിയാണ് ജുന്‍ഡാല്‍. ലഷ്കര്‍-ഇ-ത്വയ്ബയുടെ ശക്തി കേന്ദ്രം എന്നറിയപ്പെടുന്ന നരോവല്‍ മേഖലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ആയിരുന്നു ജുന്‍ഡാലിന്റെ സംസ്‌കാര ചടങ്ങുകളെന്നും ഇതില്‍ പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിനും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനും വേണ്ടി പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആഗോള ഭീകരനും ലഷ്‌കര്‍ ഇ ത്വയ്ബ നേതാവുമായ ഹാഫിസ് അബ്ദുള്‍ റൗഫിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങില്‍ ലാഹോറിലെ കോര്‍പ്‌സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഫയാസ് ഹുസൈന്‍ ഷാ, 11 ഇന്‍ഫന്‍ട്രി ഡിവിഷന്‍ ജിഒസി ബ്രിഗേഡിയര്‍ മുഹമ്മദ് ഫുര്‍ഖാന്‍ ഷബ്ബീര്‍, 15 ഹൈമെക് ബ്രിഗേഡ് കമാന്‍ഡര്‍ ഡോ. ഉസ്മാന്‍ അന്‍വര്‍, പഞ്ചാബ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം മാലിക് സൊഹൈബ് അഹമ്മദ് ഭേര്‍ത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
കൊല്ലപ്പെട്ട ലഷ്കര്‍ ഇ ത്വയ്ബയുടെ മറ്റൊരു നേതാവ് ഖാലിദ് എന്ന അബു അക്സയുടെ ഫൈസലാബാദില്‍ സംസ്‌കാര ചടങ്ങിലും പാകിസ്ഥാന്‍ ആര്‍മിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ മൂത്ത ഭാര്യാസഹോദരനും ബഹാവല്‍പൂരിലെ മര്‍കസ് സുബ്ഹാന്‍ അല്ലയുടെ ചുമതലയുമുള്ള ഹാഫിസ് മുഹമ്മദ് ജമീല്‍, മസൂദ് അസറിന്റെ മറ്റൊരു ഭാര്യാസഹോദരനായ ‘ഉസ്താദ് ജി’ എന്നറിയപ്പെടുന്ന മുഹമ്മദ് യൂസഫ് അസ്ഹര്‍ എന്നിവരാണ് ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റ് പ്രമുഖ ഭീകരര്‍.
ഓപ്പറേഷന്‍ സിന്ദൂറില്‍ എന്ന പേരില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 35നും 40 നും ഇടയില്‍ പാക് സൈനികര്‍ മരിച്ചിട്ടുണ്ടാകാം എന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതികരണം.
Post Your Comments