Latest NewsNewsIndia

ഓപ്പറേഷൻ സിന്ദൂർ : രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ– പാക്‌ വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്

ന്യൂഡൽഹി : ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. രാത്രി എട്ട് മണിക്കായിരിക്കും മോദി ജനങ്ങളോട് സംസാരിക്കുക. ഇന്ത്യ- പാക്‌ സംഘർഷത്തിന് പിന്നാലെ ഇതാദ്യമായാണ് നരേന്ദ്ര മോദി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.

പഹൽഗാമിലെ ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ തുടങ്ങിയവയെക്കുറിച്ച് മോദി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്കടക്കം പ്രധാനമന്ത്രി മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ– പാക്‌ വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി–റോ ഡയറക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. പഹൽഗാമിൽ ഏപ്രിൽ രണ്ടിനുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ– പാക്‌ സംഘർഷമുണ്ടായത്.

ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. 100 ഭീകരർ കൊല്ലപ്പെട്ടു. പാക്‌ വ്യോമതാവളങ്ങളിലും ഇന്ത്യ ആക്രമണം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button