Gulf

ജോലിയുമില്ല കൂലിയുമില്ല; തകർന്ന പ്രതീക്ഷകളുമായി ഫ്രാൻസിസ് നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•സ്പോൺസർ ജോലിയോ ശമ്പളമോ നൽകാത്തത് കാരണം ദുരിതത്തിലായ മലയാളി ജോലിക്കാരൻ, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം സ്വദേശിയായ ഫ്രാൻസിസിനാണ് പ്രവാസം ദുരിതം നിറഞ്ഞ കയ്പ്പേറിയ അനുഭവമായത്. നാല് മാസങ്ങൾക്ക് മുൻപാണ് ദമ്മാമിലെ ഒരു ചെറിയ കമ്പനിയിൽ വെൽഡർ തസ്തികയിൽ ജോലിക്കാരനായി ഫ്രാൻസിസ് എത്തിയത്. നല്ല ശമ്പളവും, ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത റിക്രൂട്ടിങ് ഏജന്സിയുടെയും, കമ്പനിയുടെ ഉടമയായ സൗദി സ്പോണ്സറുടെയും വാക്കിൽ വിശ്വസിച്ച ഫ്രാൻസിസ് ഏറെ പ്രതീക്ഷകളോടെയാണ് ജോലിയ്ക്കു ചേർന്നത്.

എന്നാൽ നാട്ടിൽ വെച്ച് പറഞ്ഞതിൽ നിന്നും കടകവിരുദ്ധമായി, കമ്പനിയുടെ അവസ്ഥ ഏറെ ദയനീയമായിരുന്നു. പ്രൊജെക്ടുകളോ, മറ്റു പണികളോ ഇല്ലാതെ കമ്പനി പ്രായോഗികമായി നിർജ്ജീവാവസ്ഥയിൽ ആയിരുന്നു. യാതൊരു ജോലിയും ഇല്ലാത്തതിനാൽ കമ്പനി ഫ്രാൻസിസിന് ശമ്പളമോ, ആഹാരത്തിനുള്ള പൈസയോ കൊടുത്തതുമില്ല. ജോലി ഇല്ലെങ്കിൽ തന്നെ തിരികെ നാട്ടിലേയ്ക്ക് അയയ്ക്കാൻ ഫ്രാൻസിസ് സ്പോൺസറോട് പറഞ്ഞെങ്കിലും, അവർ അതിനും തയ്യാറായില്ല.

നാലുമാസത്തോളം ഈ അവസ്ഥ തുടർന്നപ്പോൾ, ക്ഷമ നശിച്ച ഫ്രാൻസിസ്, ചില സുഹൃത്തുക്കളുടെ സഹായത്തോടെ നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഫ്രാൻസിസ് ലേബർ കോടതിയിൽ സ്പോൺസർക്കെതിരെ കേസ് കൊടുത്തു.

കേസ് കോടതിയിൽ വിളിച്ചപ്പോൾ ആദ്യസിറ്റിങ്ങിന് തന്നെ സ്പോൺസർ ഹാജരായി. തുടർന്ന് ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ, സ്പോൺസറുമായി ഷാജി മതിലകം നടത്തിയ മധ്യസ്ഥ ചർച്ചകൾക്ക് ഒടുവിൽ, ഫ്രാൻസിസിന് ഫൈനൽ എക്സിറ്റ് നൽകാൻ സ്പോൺസർ സമ്മതിച്ചു. എന്നാൽ കുടിശ്ശിക ശമ്പളമോ, വിമാനടിക്കറ്റോ നൽകാൻ സ്പോൺസർ തയ്യാറായില്ല. അതിൻമേൽ ചർച്ച തീരുമാനമാകാതെ നീളുമെന്ന ഘട്ടമെത്തിയപ്പോൾ, ഒന്നും കിട്ടിയില്ലെങ്കിലും വേണ്ട, എങ്ങനെയും തിരികെ നാട്ടിലേയ്ക്ക് പോയാൽ മതി എന്ന നിലപാട് ഫ്രാൻസിസ് സ്വീകരിച്ചു.

തുടർന്ന് പെട്ടെന്നു തന്നെ സ്പോൺസർ ഫൈനൽ എക്സിറ്റ് അടിച്ച ശേഷം ഫ്രാൻസിസിന്റെ പാസ്സ്‌പോർട്ട് ഷാജി മതിലകത്തെ ഏൽപ്പിച്ചു. ഫ്രാൻസിസിന്റെ നാട്ടിലെ ബന്ധുക്കൾ വിമാനടിക്കറ്റ് അയച്ചു കൊടുത്തു. നിയമനടപടികൾ പൂർത്തിയാക്കി, തകർന്ന പ്രതീക്ഷകളുടെ നിരാശയും പേറി, വെറും കൈയ്യോടെ ഫ്രാൻസിസ് നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button