KeralaNews

സംസ്ഥാനത്ത് നാണ്യവിളകള്‍ക്ക് പൊള്ളുന്ന വില

കൊച്ചി: സംസ്ഥാനത്ത് കര്‍ഷക വിലാപങ്ങള്‍ക്ക് അവസാനമായി. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കാര്‍ഷിക വിളകളുടെ വിപണി ഉണര്‍ന്നു. കാര്‍ഷിക വിളകളുടെ വില ഉയര്‍ന്നതോടെ ആശ്വാസത്തിലാണ് കര്‍ഷകര്‍. തായ്‌ലാന്റിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റബര്‍ ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടായതോടെ അതിന്റെ ഗുണം ലഭിച്ചത് കേരളത്തിലെ കര്‍ഷര്‍ക്കായിരുന്നു. എന്തായാലും റബര്‍ കര്‍ഷകര്‍ക്ക് പിന്നാലെ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സന്തോഷം പകരുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അടയ്ക്ക വിലയിലും നാളികേര വിലയിലും വര്‍ദ്ധനവ് വന്നതാണ് കര്‍ഷകരെ സന്തോഷിപ്പിക്കുന്നത്.

വിലയിടിവിനെത്തുടര്‍ന്ന് ഏറെ പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയ്ക്ക് പ്രതീക്ഷനല്‍കിയാണ് റബറിനൊപ്പം അടയ്ക്കക്കും നാളികേരത്തിനും വിലകുതിക്കുന്നത്.

റബറിന് 152 കടന്നപ്പോള്‍ നാളികേരത്തിന് സര്‍ക്കാര്‍ സംഭരണത്തുകയായ 25ഉം മറികടന്ന് 28രൂപ വരെയായി. അടയ്ക്കക്ക് 32 രൂപയാണ് നിലവിലെ വില. 35 രൂപയ്ക്കുവരെ അടയ്ക്ക കര്‍ഷകരില്‍നിന്ന് വാങ്ങുന്ന സ്ഥാപനങ്ങളുമുണ്ട്.

കൃഷികള്‍ നഷ്ടത്തിലായതോടെ തെങ്ങിനും കമുകിനും റബറിനും കര്‍ഷകര്‍ സംരക്ഷണം കുറച്ചതുമൂലം ഉത്പാദനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. കൃഷിയിടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് 500 മുതല്‍ 700രൂപവരെ കൂലിയിനത്തില്‍ നല്‍കേണ്ടതിനാല്‍ പലരും കൃഷിയിടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഇതു വരെ.

അടയ്ക്കക്കും നാളികേരത്തിനും വില ഉയര്‍ന്നതും ആവശ്യക്കാര്‍ അന്യസംസ്ഥാനത്തുനിന്ന് എത്തിത്തുടങ്ങിയതും വിപണിയെ വീണ്ടും സജീവമാക്കിക്കഴിഞ്ഞു. നാളികേരത്തിന് മൂന്ന് മാസംമുന്‍പ് വിപണിയില്‍ 17രൂപയായിരുന്നു വില. റബറിന് 100രൂപയ്ക്ക് താഴെ പോയിരുന്നു. കാര്‍ഷിക വിളകളുടെ വിലയിടിവുമൂലം കര്‍ഷകരുടെ കടങ്ങള്‍ ബാങ്കുകളിലുംമറ്റും അനുദിനം വര്‍ധിച്ചതിനുപുറമെ നിര്‍മ്മാണ മേഖല സ്തംഭിക്കുകയും ചെയ്തിരുന്നു.

വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ ഈ മാസം അവസാനത്തോടെ റബര്‍ടാപ്പിങ് ഭൂരിഭാഗം തോട്ടങ്ങളിലും നിര്‍ത്തേണ്ട അവസ്ഥായാണുള്ളത്. പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷികമേഖലയില്‍ ഉണ്ടായിരിക്കുന്നപുത്തന്‍ ഉണര്‍വ് കര്‍ഷകര്‍ക്ക് ആശ്വാസം ഉണ്ടാക്കുന്നതാണ്. അടയ്ക്കാ വിലയിലും വര്‍ദ്ധനവുണ്ടായത് കര്‍ഷകരെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്.

ഒരു കിലോ അടയ്ക്കയ്ക്ക് നേരത്തെയുണ്ടായിരുന്ന 162 രൂപയുടെ ഇറക്കുമതി നികുതിയാണ് 250 ലേക്ക് ഉയര്‍ത്തിയത്. അടയ്ക്ക കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ഇന്തോനേഷ്യ, മ്യാന്മാര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി നമുക്കൊരു ഭീഷണിയായിരുന്നു.

ആഭ്യന്തരവിപണിയില്‍ ഏതാണ്ട് പത്തു ലക്ഷം മെട്രിക് ടണ്‍ അടയ്ക്കയാണ് ചവയ്ക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി നാം ഉപയോഗിക്കുന്നത്. ആവശ്യത്തിനുള്ള അടയ്ക്കയുടെ പകുതിപോലും നമ്മള്‍ക്കില്ല. ഇറക്കുമതി അടയ്ക്കകളിലാണ് പ്രതീക്ഷയര്‍പ്പിച്ചിരുന്നത്. കുറഞ്ഞ വിലയില്‍ വിദേശ അടയ്ക്കകള്‍ വിപണിയില്‍ വില്‍ക്കുമ്പോള്‍ ഇവിടെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

അടയ്ക്ക ഉത്പാദിപ്പിക്കുന്ന സാര്‍ക്ക് രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ശ്രീലങ്ക വഴിയാക്കിയപ്പോള്‍ നികുതിയില്ലാതെ അടയ്ക്കകള്‍ വിപണിയിലേക്കൊഴുകി. വില കുത്തനെ കുറഞ്ഞു. തകര്‍ച്ചയെ പിടിച്ചുകെട്ടാന്‍ നമ്മള്‍ക്കായില്ല. മഹാളി രോഗം പോലുള്ളവ തോട്ടങ്ങളില്‍ പടര്‍ന്നപ്പോള്‍ അടയ്ക്ക കര്‍ഷകര്‍ വിലപിച്ചു. റബറിനും മറ്റു കാര്‍ഷിക വിളകള്‍ക്കും നേരിട്ട ഇടര്‍ച്ച അടയ്ക്കയ്ക്കുകൂടി വന്നതോടെ നമ്മുടെ കാര്‍ഷികരംഗം തകര്‍ച്ചയെ അഭിമുഖീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button