കാലിഫോര്‍ണിയ: ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണുകളുടെ വില കുറച്ചു. ഘടകങ്ങളുടെ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐഫോണുകളുടെ വില 3 മുതല്‍ 4 ശതമാനം വരെ കുറച്ചത്. ആപ്പിള്‍ ഇതുവരെ ഔദ്യോഗികമായി ഇത് പ്രഖ്യാപിക്കുകയോ അതിന്റെ ഇന്ത്യന്‍ വെബ്സൈറ്റില്‍ പുതിയ വിലകള്‍ പ്രതിഫലിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, ഐഫോണ്‍ 15 പ്രോ മാക്സ്, ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ എസ്ഇ എന്നിവയുടെ വിലകള്‍ ഇന്ത്യയില്‍ വെട്ടിക്കുറയ്ക്കുന്നതായാണ് വിവരം. ചില മോഡലുകള്‍ക്ക് 300 രൂപയും മറ്റുള്ളവയ്ക്ക് 6,000 രൂപ വരെയും കുറയും. ഇന്ത്യന്‍ വിപണിയില്‍ ഇതാദ്യമായാണ് ആപ്പിള്‍ നിലവിലെ പ്രോ മോഡലുകളുടെ വില കുറയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Read Also: ദുര്‍മന്ത്രവാദവും നരബലിയും അഘോരി ആചാരവും തടയാന്‍ നിയമം പാസാക്കി
അതേസമയം, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് മോഡലുകള്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിക്കാനും ആപ്പിള്‍ പദ്ധതിയിടുന്നതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഐഫോണ്‍ 15, ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ എസ്ഇ എന്നിവ മാത്രമാണ് ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ടെക് ഭീമന്‍ ഇപ്പോള്‍ ഇന്ത്യയില്‍ പ്രോ മോഡലുകള്‍ നിര്‍മ്മിക്കുന്നില്ല. 2023 ല്‍, ആഗോള വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണ്‍ 15 യൂണിറ്റുകള്‍ ആപ്പിള്‍ വിറ്റിരുന്നു. തുടക്കത്തില്‍, ഐഫോണ്‍ 15 ന്റെ അടിസ്ഥാന മോഡലുകള്‍ മാത്രമാണ് ഇന്ത്യയില്‍ നിര്‍മ്മിച്ചത്, എന്നാല്‍ ഒടുവില്‍ ഐഫോണ്‍ 15 പ്ലസിന്റെ പ്രാദേശിക ഉത്പാദനവും ആരംഭിച്ചു.
Post Your Comments