KeralaNews

അമ്മയുടെ കത്തിന് പിന്നാലെ ജിഷ്ണുവിന്റെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മയുടെ കത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജിഷ്ണു മരിച്ച് 23 ദിവസങ്ങൾ പിന്നിട്ടിട്ടും വീട് സന്ദർശിക്കാനോ കാര്യങ്ങൾ അന്വേഷിക്കാനോ പിണറായി വിജയൻ തയ്യാറായില്ല എന്നായിരുന്നു വിഷ്ണുവിന്റെ അമ്മയുടെ കത്ത്. എന്നാൽ മുഖ്യമന്ത്രി ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ ജിഷ്ണുവിന്റെ പേര് പരാമർശിക്കാതെയാണ് വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

പോസ്റ്റിനിടയില്‍ ഒരു വരിയില്‍ മാത്രമാണ് ജിഷ്ണുവിനെ കുറിച്ച് പരോക്ഷമായി പരാമര്‍ശിക്കുന്നത്. ചാച്ചാജിയെന്ന് കുട്ടികള്‍ സ്നേഹത്തോടെ വിളിക്കുന്ന നെഹ്റുവിന്റെ പേരിലുള്ള കോളേജില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സ്വാശ്രയ കോളേജുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഫെബ്രുവരി 2 ന് വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭയാശങ്കകളില്ലാതെ പഠിക്കാന്‍ വഴിയൊരുക്കും.
സര്‍ക്കാരിന് നേരിട്ട് സ്വാശ്രയ കോളേജുകളില്‍ ഇടപെടാനാകില്ല. യൂണിവേഴ്സിറ്റികള്‍ വഴിയാണ് ഇടപെടാനാകുക. അതുകൊണ്ടാണ് വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചത്. വിദ്യാഭ്യാസ മന്ത്രിയും യോഗത്തില്‍ പങ്കെടുക്കും.
പല സ്വാശ്രയ സ്ഥാപനങ്ങളുടെയും കണ്ണ് ലാഭത്തിലാണ്. അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള ചില സംഭവങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. കുട്ടികള്‍ അവര്‍ക്ക് എറ്റവും ഇഷ്ടപ്പെട്ട ചാച്ചാജിയുടെയും ടോംസിന്റെയും പേരുകള്‍ കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ കിടിലം കൊള്ളുകയാണ്. ചാച്ചാജിയെന്ന് കുട്ടികള്‍ സ്നേഹത്തോടെ വിളിക്കുന്ന നെഹ്റുവിന്റെ പേരിലുള്ള കോളേജില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കി. ഇത്തരത്തിലുള്ള കാര്യങ്ങളാണോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടക്കേണ്ടതെന്ന് പരിശോധിക്കപ്പെടണം.
ടോംസ് കോളേജില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകളും ആശങ്കയുണ്ടാക്കുന്നതാണ്. നിരവധി പരാതികളാണ് നേരിട്ടും അല്ലാതെയും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമെല്ലാം അറിയിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൂഷണമല്ല. അനഭിലഷണീയമായ കാര്യങ്ങളാണ് അടുത്തിടെ കേള്‍ക്കുന്നത്. പരാതികള്‍ ഗൗരവകരമായ നടപടികള്‍ അര്‍ഹിക്കുന്നു.
സ്വാശ്രയ കോളേജുകളുടെ നടപടികളില്‍ വിദ്യാര്‍ത്ഥി സമൂഹം അസംതൃപ്തരാണെന്ന കാര്യം സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യമായ വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവസ്ഥയുണ്ടാക്കും. ഏതു പാവപ്പെട്ട വിദ്യാര്‍ത്ഥിക്കും മികച്ച പഠന സൌകര്യം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button