Writers' Corner

മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ കോണി കയറാന്‍ സാധ്യത ഉള്ളവര്‍ – രഞ്ജിത്ത് ഏബ്രഹാം തോമസ് എഴുതുന്നു

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോള്‍ മുസ്ളീം ലീഗ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇ.അഹമ്മദിന്റെ നിര്യാണം മൂലം ഒഴിവു വന്ന മലപ്പുറം ലോക്സഭാ സീറ്റ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ലീഗ് നേതാക്കള്‍ക്ക് അശേഷം സംശയം ഇല്ല. ഭൂരിപക്ഷം എത്രത്തോളം വര്‍ദ്ധിക്കുമെന്ന ആകാംക്ഷ മാത്രം. അതുകൊണ്ട് തന്നെ ഈ സുരക്ഷിത സീറ്റ് കൈവശപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടിയെന്ന അച്ചുതണ്ടിന് ചുറ്റും കറങ്ങുകയാണ് ലീഗ് രാഷ്ട്രീയം. ഇതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്ന്, മുസ്ളീം ലീഗില്‍ തീരുമാനം എടുക്കുന്നത് സംബന്ധിച്ച് അവസാന വാക്ക് പാണക്കാട് കുടുംബം ആണെങ്കിലും കുഞ്ഞാലിക്കുട്ടി അറിയാതെ ഒരു ഇല പോലും ചലിക്കില്ല എന്നതാണ് വാസ്തവം. രണ്ട്, കേരള നിയമസഭയിലെയും യുഡിഎഫ് രാഷ്ട്രീയത്തിലെയും ലീഗ് ശബ്ദം പതിറ്റാണ്ടുകളായി കുഞ്ഞാലിക്കുട്ടിയാണ്. എന്നാല്‍ ഇതുതന്നെയാണ് കുഞ്ഞാലിക്കുട്ടിക്ക് ഒരേസമയം ഗുണവും ദോഷവും ആകുന്നത്. കുഞ്ഞാലിക്കുട്ടിയുടെ അനുഭവ പരിചയം ദേശീയ രാഷ്ട്രീയത്തില്‍ ലീഗിന് പ്രയോജനപ്പെടുത്താം എന്നതാണ് ഇതുകൊണ്ടുള്ള ഗുണം. അതേസമയം , സംസ്ഥാന രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്യം അവസാനിപ്പിക്കണമെന്ന് ആഗ്രഹമുള്ള നിരവധി നേതാക്കള്‍ക്ക് ഇതൊരവസരമായി ഉപയോഗിക്കുകയും ചെയ്യാം. കുഞ്ഞാലിക്കുട്ടിയെ ഒതുക്കുക സാധ്യമല്ല. എന്നാല്‍ പിന്നെ ‘പ്രമോഷന്‍ ‘ കൊടുത്ത് ഡല്‍ഹിക്ക് പറഞ്ഞു വിടാമെന്ന് പലരും കണക്ക് കൂട്ടുന്നു.

പക്ഷേ ഈ ചൂണ്ടയില്‍ കുഞ്ഞാലിക്കുട്ടി കൊത്തുമോ എന്ന് കണ്ടറിയണം. എന്നാല്‍ ഇവിടെയൊരു മറുവശം കൂടിയുണ്ട്. ഇപ്പോള്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടാലും രണ്ടര വര്‍ഷം കഴിയുമ്പോള്‍ ലോക്സഭയുടെ കാലാവധി അവസാനിക്കും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ മത്സരിക്കാതെ മാറി നിന്ന് കുഞ്ഞാലിക്കുട്ടിക്ക് വീണ്ടും നിയമസഭയിലേക്ക് തിരിച്ചു വരാം. ചുരുക്കത്തില്‍ എംഎല്‍എ ആയി ചുരുങ്ങുന്നതിലും നല്ലത് ഇനിയുള്ള രണ്ടര വര്‍ഷം എംപിയായി വിലസുന്നതാണെന്ന് അദ്ദേഹത്തിനും തോന്നിയേക്കാം.

എന്നാല്‍ കുഞ്ഞാലിക്കുട്ടി അല്ലെങ്കില്‍ പിന്നെയാര് ? ഇത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞാലാണ് ലീഗ് രാഷ്ട്രീയം പ്രക്ഷുബ്ദ്ധമാകുന്നത്. സീറ്റ് മോഹികളെല്ലാം തന്നെ തലപൊക്കും. അതുകൊണ്ട് ഒരു സമവായം എന്ന നിലയില്‍ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മത്സരിക്കണമെന്ന് ആവശ്യമുയരും. സര്‍വ്വ സമ്മതനായ മുനവ്വറലി ശിഹാബ് തങ്ങള്‍ മത്സരിക്കുന്നതില്‍ ആര്‍ക്കും എതിരഭിപ്രായവും ഉണ്ടാവുകയില്ല. എന്നാല്‍ പാണക്കാട് കുടുബം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ചരിത്രം. ഇത് ഇക്കുറിയും തിരുത്തുമെന്ന് തോന്നുന്നില്ല. ഈ രണ്ട് സാധ്യതയും അടഞ്ഞാല്‍ മാത്രമേ മറ്റ് പേരുകള്‍ ഉയരുകയുള്ളു. അങ്ങനെ സംഭവിച്ചാല്‍ പിന്നെ അടുത്ത നറുക്ക് വീഴുക എംപി അബ്ദുള്‍ സമദ് സമദാനിക്കാകും. ഒരു കാലത്ത് രാജ്യസഭയില്‍ മുസ്ളീം ലീഗിന്റെ മുഖമായിരുന്ന സമദാനി അറിയപ്പെടുന്ന വാഗ്മിയും ബഹുഭാഷ പണ്ഡിതനുമാണ്. കഴിഞ്ഞ നിയമസഭയില്‍ കോട്ടയ്ക്കല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച സമദാനിക്ക് തുടര്‍ന്ന് സീറ്റ് നല്‍കാന്‍ ലീഗ് നേതൃത്വം വിമുഖത കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഒഴിവ് വന്ന മലപ്പുറം ലോക്സഭാ സീറ്റിന് വേണ്ടി സമദാനി അനുകൂലികള്‍ രംഗത്തെത്തിയേക്കാം.

അടുത്ത സാദ്ധ്യത മുസ്ളീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദറിനാണ്. കക്ഷി രാഷ്ട്രീയ ഭേദമെന്യേ പൊതുസമ്മതനാണ് കെ.എന്‍.എ ഖാദര്‍ എങ്കിലും ലീഗ് സംസ്ഥാന നേതൃത്വവുമായി അത്ര രസത്തിലല്ല. വിവാദമായ ‘നിലവിളക്ക് ‘ വിഷയത്തില്‍ ഖാദര്‍ കൈക്കൊണ്ട നിലപാടാണ് അദ്ദേഹത്തെ പാര്‍ട്ടിക്ക് അനഭിമതനാക്കിയത്. കഴിഞ്ഞ നിയമസഭയില്‍ വള്ളിക്കുന്ന് മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹത്തിനും തുടര്‍ന്ന് സീറ്റ് നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. ഇത് വലിയ വിവാദങ്ങള്‍ക്കും വഴി തെളിച്ചിരുന്നു. എന്നാല്‍ ജില്ലാ ലീഗ് നേതൃത്വം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാല്‍ ലോക്സഭാ സീറ്റ് കെ.എന്‍.എ ഖാദറിന് ലഭിക്കുമെന്ന് കരുതുന്നവരും ഏറെ. എന്തായാലും മുസ്ളീം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ കോണി ചിഹ്നത്തില്‍ ആരെ നിര്‍ത്തിയാലും ജയിക്കുമെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പോലും രഹസ്യമായി സമ്മതിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button