Kerala

സ്ത്രീകള്‍ സൂക്ഷിക്കുക: ഇയാള്‍ നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിലുണ്ടോ?

മലപ്പുറം•ഈ ചിത്രത്തില്‍ കാണുന്നയാള്‍ നിങ്ങളുടെ ഫേസ്ബുക്ക്‌ ഫ്രണ്ട് ലിസ്റ്റിലുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. കാഴ്ചയിലും സംസാരത്തിലും വളരെ മാന്യനായി കാണുന്ന ഇയാള്‍ നിങ്ങളുടെ കുടുംബജീവിതം വരെ തകര്‍ത്തേക്കാം. ഫേസ്ബുക്കില്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി കബളിപ്പിക്കുന്ന വഴിക്കടവ്‌ മാമാങ്കര സ്വദേശിയായ ഇയാളുടെ പേര് ജിതിന്‍ എന്നാണ്. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ വച്ച് ഇയാള്‍ പോലീസ് പിടിയിലായി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണം തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.

കാട്ടുമുണ്ട പ്രദേശത്തെ ഭര്‍തൃമതിയായ യുവതിയുടെ പരാതിയിലാണ്‌ പോലീസ്‌ പ്രതിക്കെതിരെ കേസെടുത്തത്‌. ഫോണിലൂടെ പരിചയപ്പെട്ട്‌ സൗഹൃദം സ്‌ഥാപിക്കുകയും പിന്നീട്‌ ഇയാള്‍ വിളിക്കുമ്പോള്‍ ഫോണ്‍ എന്‍ഗേജായതിനെ തുടര്‍ന്ന്‌ നിനക്ക്‌ മറ്റൊരാളുമായി ബന്ധമുണ്ടെന്നും അത്‌ ഭര്‍ത്താവിനോട്‌ പറഞ്ഞ്‌ കുടുംബം തകര്‍ക്കുമെന്നും പറഞ്ഞ്‌ യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്‌ ഈ മാസം രണ്ടിന്‌ യുവതിയുടെ വീടിനു സമീപത്തെത്തി. ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ കൈ ചെയിന്‍ പ്രതി കൈക്കലാക്കാന്‍ ശ്രമം നടത്തി. പ്രതിയുടെ പെരുമാറ്റം കണ്ട്‌ പേടിച്ചരണ്ട യുവതി ഇയാള്‍ കാണ്‍കെ തന്നെ കൈ ചെയിന്‍ വഴിയിലിട്ടു കൊടുക്കുകയായിരുന്നു. തുടര്‍ന്ന്‌ ജിതിന്‍ സ്വര്‍ണാഭരണമെടുത്ത്‌ മഞ്ചേരിയിലെ പണയ സ്വര്‍ണം സ്വീകരിക്കുന്ന ഒരു കടയില്‍ 19200 രൂപക്ക്‌ വില്‍പന നടത്തുകയായിരുന്നു.

ജിതിന്‍റെ നീക്കങ്ങള്‍ തന്ത്രപരമായിരുന്നു. മാന്യതവിടാതെ ചാറ്റ് ചെയ്യുന്നതു മൂലം സ്ത്രീകള്‍ അധികമായി ജിതിന്‍റെ സുഹൃത്തുക്കളായിരുന്നു. പലരുമായുമുള്ള ചാറ്റിംഗ് ടെലിഫോണ്‍ സംഭാഷണങ്ങളിലേക്കും നേരിട്ടുള്ള കൂടിക്കാ‍ഴ്ചകളിലേക്കും നീണ്ടിരുന്നു. ഇവരുമായി നേരില്‍കാണുമ്പോ‍ഴും മാന്യമായി മാത്രമാണ് പെരുമാറിയിരുന്നത്. സംസാരിച്ചു സ്ത്രീകളുടെ വിഷമങ്ങള്‍ ചോദിച്ചറിയുകയും പലപ്പോ‍ഴും ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ഇക്കാര്യങ്ങള്‍ ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പല സ്ത്രീകളും ഇയാളുടെ മാന്യമായ പെരുമാറ്റം കണ്ട് ഒന്നിച്ചു ഫോട്ടോകളും എടുത്തിരുന്നു. പിന്നീട് പിണങ്ങുമ്പോള്‍ ഈ ചിത്രങ്ങളും ചാറ്റിംഗും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയിരുന്നു. ചില സ്ത്രീകളെ ഇയാള്‍ ലൈംഗികമായി ദുരുപയോഗിച്ചതായും സൂചനയുണ്ട്.

പ്രതി തട്ടിയെടുത്ത് വില്പന നടത്തിയ സ്വര്‍ണ ചെയിന്‍ കടയില്‍ നിന്നും കണ്ടെടുത്തു. നിരവധി കളവു കേസുകളില്‍ പ്രതിയാണ്‌ ജിതിനെന്ന്‌ പോലിസ്‌ പറഞ്ഞു. വഴിക്കടവ്‌, നിലമ്പൂര്‍, എടക്കര, പോത്തുകല്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button