NewsInternational

യു.എ.ഇയിലെ പ്രവാസികള്‍ക്ക് ആശ്വാസം ഒപ്പം സന്തോഷവും..

അബുദാബി : തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന തൊഴിലുടമകള്‍ക്ക് അധികൃതരുടെ താക്കീത്. രണ്ടുമാസത്തിലധികം വേതനം കുടിശികയാക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കും. ശമ്പളമാണു തൊഴില്‍ ബന്ധത്തിന്റെ അടിസ്ഥാനം. അതില്‍ വീഴ്ചവരുത്തുന്നതു കുറ്റകരമാണ്. രണ്ടു മാസത്തിലധികം ഒരു തൊഴിലാളിക്കു വേതനം വൈകിയാല്‍ തൊഴിലുടമയുമായുള്ള ബന്ധം അവസാനിപ്പിച്ച് അധികൃതര്‍ക്കു പരാതി നല്‍കാമെന്നു സ്വദേശിവല്‍ക്കരണ മാനവവിഭവശേഷി മന്ത്രാലയത്തിലെ തൊഴില്‍ സമ്പര്‍ക്ക വകുപ്പ് തലവന്‍ മുഹമ്മദ് അഹ്മദ് മുബാറാക് അറിയിച്ചു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തൊഴിലുപേക്ഷിക്കുന്നതായി രാജിക്കത്തു നല്‍കാതെതന്നെ കേസ് കോടതിയിലേക്കു നീക്കാനാകും. രണ്ടുമാസം വേതനം നല്‍കാത്ത തൊഴിലുടമ രാജ്യത്തെ തൊഴില്‍നിയമം അനുസരിച്ചു നിയമലംഘനമാണ് നടത്തുന്നത്.

രാജ്യത്തേക്കു വരുന്നതിനു മുന്‍പുതന്നെ തൊഴിലാളികള്‍ക്കു തൊഴില്‍ വാഗ്ദാന പത്രിക നല്‍കാന്‍ കഴിയുന്നതു മൂലം അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ സംബന്ധിച്ച് അവബോധമുണ്ടാകും. മന്ത്രാലയവുമായുള്ള മിക്ക സേവനങ്ങളും ഇപ്പോള്‍ ഓണ്‍ലൈന്‍ ആക്കി മാറ്റിയിട്ടുണ്ട്. നിമിഷനേരങ്ങള്‍ കൊണ്ടാണ് അപേക്ഷകളില്‍ നടപടികള്‍ അവസാനിപ്പിക്കുന്നത്. അപേക്ഷ ലഭിച്ച് എട്ടു മിനിറ്റിനകം തൊഴില്‍ പെര്‍മിറ്റുകളുടെ പ്രക്രിയകള്‍ പൂര്‍ത്തിയാകും. എന്തിങ്കിലും പ്രയാസങ്ങള്‍ നേരിട്ടാലും 24 മണിക്കൂറിലധികം അപേക്ഷകളിലെ നടപടികള്‍ വൈകാറില്ലെന്നു മുഹമ്മദ് സൂചിപ്പിച്ചു.

യുഎഇയില്‍ എത്തുന്നതിനു മുന്‍പുതന്നെ തൊഴിലിന്റെ സ്വഭാവം, വേതനം, ജോലിസമയം, അനുബന്ധ അലവന്‍സ് എന്നിവയെല്ലാം അറിയിക്കാന്‍ ഫെഡറല്‍ തൊഴില്‍നിയമം 764 നമ്പര്‍ പ്രകാരം പ്രാവര്‍ത്തികമാക്കിയ ഓഫര്‍ ലെറ്ററിനു സാധിക്കുന്നുണ്ട്. നിശ്ചിത വ്യവസ്ഥകള്‍ പാലിച്ചു രാജ്യത്തേക്കു വരണോ വേണ്ടയോ എന്നു തൊഴിലാളിക്കു നേരത്തേ തീരുമാനിക്കാന്‍ പുതിയ തൊഴില്‍ വാഗ്ദാന പത്രിക കൊണ്ടാവും. പൂര്‍ണമായ സ്വാതന്ത്ര്യം വകവച്ചു നല്‍കുന്നതിനാല്‍ വിസാ തട്ടിപ്പു കേസുകളില്‍ കുടുങ്ങില്ല എന്നതും നേട്ടമാണ്. തൊഴിലാളിയുടെയും മന്ത്രാലത്തിന്റെയും സ്‌പോണ്‍സറുടെയും വശം പത്രികയുടെ പകര്‍പ്പ് ഉള്ളതിനാല്‍ തൊഴില്‍ തര്‍ക്ക കേസുകള്‍ കുറയും.

വിസ റദ്ദാക്കുന്നവര്‍ക്ക് ഒരുവര്‍ഷത്തെ പ്രവേശന നിരോധനം ഏര്‍പ്പെടുത്തണമെന്ന സ്പോണ്‍സറുടെ അപേക്ഷ സ്വീകരിക്കാന്‍ ആവില്ലെന്നും മുഹമ്മദ് വെളിപ്പെടുത്തി. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചാണു പാസ്പോര്‍ട്ടില്‍ നോ എന്‍ട്രി പതിക്കുക. സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടതുകൊണ്ടു മാത്രം തീരുമാനമെടുക്കുന്ന വിഷയമല്ലിതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button