NewsInternational

ഹാഫീസ് സയീദിനെതിരെ ഭീകര രാജ്യമായ പാകിസ്ഥാനും

ന്യൂഡല്‍ഹി: ജമാ അത്ത് ഉദ്ദവ നേതാവും മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയുമായ ഹാഫീസ് സയീദിനെതിരെ പാക്കിസ്ഥാന്‍ ഭീകര വിരുദ്ധ നിയമം (എടിഎ)ചുമത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പാക്ക് പ്രാദേശിക മാധ്യമമായ ഡോണാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
സയീദിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി നിയന്ത്രണം കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുന്നതാണ് എടിഎ നിയമം. കൂടാതെ ഈ നിയമം ചുമത്തിയിട്ടുള്ളവര്‍ പ്രാദേശിക പോലീസ് സ്റ്റേഷന്‍ രജിസ്റ്ററില്‍ ദിവസേന ഒപ്പുവെയ്‌ക്കേണ്ടതുമുണ്ട്. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവര്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താനുള്ള നിയമമാണ് ഭീകര വിരുദ്ധ നിയമം 1997.

നിലവില്‍ ജമാ അത്ത് ഉദ്ദവ, ഫലഹ് ഐ ഇന്‍സാനിയത്ത് ചാരിറ്റബിള്‍ ട്രസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേര്‍കൂടി സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്. ജനുവരി 30 മുതല്‍ ഹാഫീസ് സയീദ് വീട്ടു തടങ്കലിലാണ് കഴിഞ്ഞുവരുന്നത്. ഇതുകൂടാതെ രാജ്യം വിടുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാക്ക് സൈന്യം ഇതിനെ പിന്തുണച്ചിട്ടുണ്ട്.

ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സയീദിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ധനസഹായങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സയീദിന്റെ തലയ്ക്ക് 10 മില്യണ്‍ ഡോളര്‍ (1 കോടി രൂപ) പാരിതോഷികം നല്‍കുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നതാണ്.

shortlink

Post Your Comments


Back to top button