International

കുവൈറ്റില്‍ മലയാളി നഴ്സിന് നേര്‍ക്ക് ആക്രമണം; ആക്രമണത്തിനിരയായ യുവതി ഗുരുതരാവസ്ഥയില്‍

അബ്ബാസിയ: കുവൈറ്റില്‍ മലയാളി നഴ്സിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈറ്റ് ജഹ്റ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന ദേവികയ്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. അബ്ബാസിയില്‍ താമസസ്ഥലത്തുവച്ചാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച രാത്രിയിലെ നൈറ്റ് ഷിഫ്റ്റിനുശേഷം രാവിലെ താമസസ്ഥലത്തെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ദേവികയെ കുത്തിപ്പരിക്കേല്‍പ്പിച്ച അജ്ഞാതന്‍ ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങി. ബിജോയാണ് ദേവികയുടെ ഭര്‍ത്താവ്. മലയാളികള്‍ ഏറെയുള്ള അബ്ബാസിയ മേഖലയില്‍ നേരത്തെയും സമാനരീതിയില്‍ മലയാളികള്‍ക്കു നേര്‍ക്ക് ആക്രമണങ്ങള്‍ നടന്നിരുന്നു. പിന്നീട് ഒരു ഇടവേളയ്ക്കുശേഷം ആക്രമണം ഉണ്ടായത് മലയാളികള്‍ അടക്കമുള്ള പ്രവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് നേര്‍ക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ കുവൈറ്റില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒമാനില്‍ മലയാളി നഴ്സായ ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. സലാലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷെബിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. താമസിക്കുന്ന ഫല്‍റ്റിലാണ് മൃതദേഹം കണ്ടത്. സംഭത്തില്‍ ആരേയും ഇതുവരെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വകാര്യസ്ഥാപനത്തിലെ ഷെഫായി ജോലി ചെയ്യുന്ന ഭര്‍ത്താവ് ജീവനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തെങ്കിലും രണ്ടു ദിവസത്തിനുശേഷം വിട്ടിരുന്നു.

ഇതിനു ഒരാഴ്ച മുന്‍പും ഒരു മലയാളി യുവതി ഒമാനില്‍ കൊല്ലപ്പെട്ടിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ സിന്ധുകുമാരിയാണ് മരിച്ചത്. സലാലയിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന സുന്ധുകുമാരി മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ അനധികൃതമായി ഒമാനിലെത്തിയ അറബ് വംശജനെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം അങ്കമാലി സ്വദേശിനിയായ ചിക്കുവെന്ന മലയാളി നഴ്സും സമാനമായ രീതിയില്‍ ഒമാനില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ആരേയും ഇതുവരെ പിടികൂടിയിട്ടില്ല. ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സണ്‍ മാസങ്ങളോളം പോലീസ് കസ്റ്റഡിയിലായിരുന്നു. ഈ സംഭവത്തില്‍ കുറ്റവാളിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. മൂവാറ്റുപുഴ സ്വദേശികളും ബിസിനസുകാരുമായ മുഹമ്മദ് മുസ്തഫ, സുഹൃത്ത് നജീബ് എന്നിവരെയും സലാലയിലെ ദാരിസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

shortlink

Post Your Comments


Back to top button