NewsSports

ക്രിക്കറ്റ് ലോകത്തും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ഏറെ ചര്‍ച്ചാ വിഷയമായിരിക്കുന്നത് ഇര്‍ഫാന്‍ പത്താന്റെ ഈ വൈകാരികമായ കുറിപ്പ്

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്തും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ വൈകാരികമായ കുറിപ്പ്. എന്ത് വേദനയും സഹിക്കാം, പക്ഷേ രാജ്യത്തിനു മേണ്ടി ക്രിക്കറ്റ് കളിക്കാതിരിക്കുന്ന വേദന സഹിക്കില്ല എന്നു പറഞ്ഞു തുടങ്ങുന്ന ക്രിക്കറ്റ് താരത്തിന്റെ വൈകാരികമായ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കപില്‍ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ എന്ന വിശേഷണത്തോടെ എത്തിയ താരമാണ് ഇര്‍ഫാന്‍ പത്താന്‍. 2003-ല്‍ 19-ാം വയസില്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ പത്താന്‍ കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. ചെറിയ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ പത്താന്‍ ഇന്ത്യന്‍ കുപ്പായത്തില്‍ 120 ഏകദിനങ്ങളും 29 ടെസ്റ്റുകളും 24 ട്വന്റി-20 മത്സരങ്ങളും കളിച്ചു.

കഴിഞ്ഞ 20ന് ബംഗളൂരുവില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ പത്താനെ ഒരു ടീമും ഏറ്റെടുക്കാന്‍ തയാറാകാതിരുന്നതോടെയാണ് ഈ ഓള്‍റൗണ്ടര്‍ വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞത്. 32 വയസുകാരനായ പത്താനെ ഐപിഎല്‍ ടീമുകളില്‍ ആര്‍ക്കും വേണ്ടാതെ വന്നത് കളിപ്രേമികളില്‍ അത്ഭുതം സൃഷ്ടിച്ചു.
ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചും വ്യക്തമാക്കി പത്താന്‍ ആരാധകര്‍ക്കായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വൈകാരികമായ കുറിപ്പാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം.

2010-ല്‍ അഞ്ച് തവണ പരിക്ക് പിടികൂടിയിരുന്നു. കരിയര്‍ തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നാണ് ഫിസിയോ തന്നോട് പറഞ്ഞത്. പക്ഷേ, തളരാന്‍ താന്‍ ഒരുക്കമായിരുന്നില്ല. എന്ത് വേദനയും സഹിക്കാം പക്ഷേ, രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കാതിരിക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്നാണ് പത്താന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കിയത്. ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിന് വേണ്ടി മാത്രമല്ല, ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടുന്നതിന് വേണ്ടിയാണ് താന്‍ പരിശ്രമിക്കുന്നത്. തന്റെ ജീവിതത്തിലും കരിയറിലും നിരവധി പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെന്നും പക്ഷേ, താന്‍ ഒരിക്കല്‍ പോലും തോറ്റ് പിന്‍മാറിയിട്ടില്ലെന്നും പത്താന്‍ വ്യക്തമാക്കുന്നു.

പരിക്ക് മൂലം കഴിഞ്ഞ സീസണിലെ ആഭ്യന്തര മത്സരങ്ങളില്‍ ഭൂരിഭാഗവും പത്താന് നഷ്ടമായിരുന്നു. എന്നാല്‍ സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ പത്താന്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലായിരുന്നു. സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റ് നേടി തിരിച്ചുവരവ് അറിയിക്കുകയും ചെയ്ത താരത്തെ പക്ഷേ ഐപിഎല്‍ താരലേലത്തില്‍ ആരും സ്വീകരിക്കാന്‍ തയാറായില്ല. 50 ലക്ഷം അടിസ്ഥാന വിലയിട്ടാണ് പത്താനെ ലേലത്തിന് അവതരിപ്പിച്ചിരുന്നത്.

shortlink

Post Your Comments


Back to top button