International

നാമിന്റെ കൊല: ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥനെത്തേടി മലേഷ്യന്‍ പോലീസ്

ക്വാലാലംപൂര്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോംഗ് നാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ കിട്ടി. ക്വാലാലംപൂരിലെ ഉത്തരകൊറിയന്‍ എംബസിയിലെ ഉന്നതഉദ്യോഗസ്ഥന് സംഭവത്തില്‍ പങ്കുണ്ടെന്നും ഇയാളെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതായും പോലീസ് അറിയിച്ചു.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടന്നതെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചകൊണ്ട് മലേഷ്യയിലെ ഉത്തരകൊറിയന്‍ എംബസി രംഗത്തുവന്നിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ ഉത്തരകൊറിയയുടെ പങ്കിനെ സാധൂകരിക്കുന്ന തെളിവുകളാണ് മലേഷ്യന്‍ പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലുപേര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇതുകൂടാതെ രണ്ടു ഉത്തരകൊറിയക്കാരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് മലേഷ്യന്‍ പോലീസ് മേധാവി അബു ബാകര്‍ പറഞ്ഞു.
ഫെബ്രുവരി 13 നാണ് കിം ജോംഗ് നാം ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ ആക്രമണത്തിനിരയായത്. രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് അദ്ദേഹത്തിന് നേര്‍ക്ക് വിഷപ്രയോഗം നടത്തുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ നാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍ കിം ജോംഗ് ഉന്നില്‍ നിന്ന് ഭീഷണിയുള്ളതിനാല്‍ സുരക്ഷാ ജീവനക്കാാരുമായാണ് നാം, സാധാരണ സഞ്ചരിക്കാറുള്ളത്. എന്നാല്‍, ചൈനയിലെ മക്കാവു ദ്വീപിലേക്ക് പോകാനായി ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ സുരക്ഷ ഒഴിവാക്കിയ എത്തിയ അദ്ദേഹത്തെ യുവതികള്‍ ആക്രമിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button