KeralaCinemaNews

ഇനിയെങ്കിലും ദിലീപിനെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം അവസാനിപ്പിക്കുക; സിനിമാലോകം ജാഗ്രതൈ! പി.ആര്‍ രാജ് എഴുതുന്നു

കൊച്ചിയില്‍ യുവനായികയെ തട്ടിക്കൊണ്ടുപോയി അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായതോടെ പരാജയപ്പെടുന്നത് ചലച്ചിത്രലോകത്തെ പ്രമുഖരെ അപകീര്‍ത്തിപ്പെടുത്താനും സംശയമുനയില്‍ നിര്‍ത്താനുമുള്ള ചിലരുടെ ശ്രമമാണ്. നടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു പ്രധാന ആരോപണം. ഒരു സൂപ്പര്‍ താരം നല്‍കിയ ക്വട്ടേഷനായിരുന്നു ഇതെന്നും ചില മാധ്യമങ്ങള്‍ എഴുതി. ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നതിനു പിന്നില്‍ ചലച്ചിത്രമേഖലയുമായി അടുത്ത ബന്ധമുള്ള ചിലര്‍ പ്രവര്‍ത്തിച്ചു എന്നതും യാഥാര്‍ഥ്യമാണ്. സംഭവം നടന്നു ആറാം ദിവസം പ്രതി പിടിയിലാകുന്നതുവരെ വിവിധ കഥകളാണ് പൊടിപ്പും തൊങ്ങലും വച്ച് മാധ്യമങ്ങളില്‍ നിറഞ്ഞത്. അതിന് എരിവ് കൂട്ടിയതാകട്ടെ ചില ചലച്ചിത്ര രാഷ്ട്രീയ പ്രവര്‍ത്തകരുടെ എങ്ങും തൊടാതെയുള്ള ചില അഭിപ്രായങ്ങളും.

ഒടുവില്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുയായിരുന്നു തന്റെ ഉദ്ദേശ്യമെന്നും തനിക്ക് ആരും ക്വട്ടേഷന്‍ നല്‍കിയിട്ടില്ലെന്നും പള്‍സര്‍ സുനി വ്യക്തമാക്കിയതോടെ വിമര്‍ശകരുടെ നാവടഞ്ഞു. സൂപ്പര്‍ താരം ദിലീപിനെ സംശയമുനയില്‍ നിര്‍ത്താനായിരുന്നു ചിലര്‍ക്ക് താല്‍പര്യം. നടിയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നു പരോക്ഷ സൂചനകളോടെ എഴുതിയ മാധ്യമങ്ങളും പൊതുവേദിയില്‍ സംസാരിച്ചവരും അതിക്രമത്തിന് ഇരയാക്കപ്പെട്ട നടിയോട് ദിലീപിന് കടുത്ത ശത്രുതയുണ്ടെന്നും അത് ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യങ്ങളെ വര്‍ണിച്ചും കഥയെഴുതി സായൂജ്യമടഞ്ഞു.

ഒടുവില്‍ ആ നടനെ കടുത്ത പ്രതിസന്ധിയിലാക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യത്തോടെ ആസൂത്രണത്തിന്റെ അണിയറക്കാര്‍ നിന്നുചിരിക്കുമ്പോഴാണ് പ്രതി പള്‍സര്‍ സുനിയുടെ മൊഴി പുറത്തുവരുന്നത്. ദിലീപ് മാത്രമല്ല, നടന്‍മാരായ സിദ്ധാര്‍ഥ് ഭരതന്‍, ലാല്‍, ബിനിഷ് കോടിയേരി, നിര്‍മാതാവ് ആന്റോ ജോസഫ് തുടങ്ങിയവര്‍ക്കൊക്കെ സംഭവത്തില്‍ പങ്കുണ്ടെന്നുവരെ മാധ്യമങ്ങള്‍ എഴുതി. മമ്മൂട്ടി ഇടപെടാതിരുന്നാല്‍ കേസിലെ സൂപ്പര്‍ താരം അറസ്റ്റിലാകുമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനാ ഭാരവാഹിയായിരുന്ന ലിബര്‍ട്ടി ബഷീര്‍ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു. ഇത് ദിലീപിനെ ഉന്നം വച്ചായിരുന്നുവെന്ന് വ്യക്തം. മലയാളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള ഒരു പത്രം ഒന്നാം പേജില്‍ തന്നെ ആലുവയിലുള്ള ഒരു സൂപ്പര്‍ താരത്തെ പൊലീസ് ചോദ്യം ചെയ്തുവെന്ന് വാര്‍ത്ത നല്‍കുമ്പോള്‍ സ്വാഭാവികമായും ദിലീപിനെതിരായ ഗൂഢാലോചന ഏതറ്റം വരെ പോയി എന്ന് മനസിലാക്കാവുന്നതാണ്. ഒടുവില്‍ ആലുവ എസ്.പി തന്നെ നേരിട്ടു വന്നു ദിലീപിനെ ചോദ്യം ചെയ്തിട്ടില്ല എന്നു വ്യക്തമാക്കിയതോടെ ഗൂഢാലോചനക്കാരുടെ നടുവൊടിഞ്ഞിട്ടുണ്ടാകും. ഇത്തരം വാര്‍ത്തകള്‍ എവിടെനിന്നു വരുന്നു എന്ന ആ പൊലീസ് ഉദ്യോഗസ്ഥന്റെ ചോദ്യം അണിയറയിലിരുന്ന് തിരക്കഥ ആസൂത്രണം ചെയ്തവരുടെ തലയ്‌ക്കേറ്റ അടി തന്നെയാണ്. ഇതിനു പിന്നാലെയാണ് മുഖ്യപ്രതി പള്‍സര്‍ സുനി പിടിയിലാകുന്നതും.

മലയാള സിനിമയെ ഏറ്റവും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സിനിമാ സമരത്തിന് ഏക കാരണം ലിബര്‍ട്ടി ബഷീര്‍ എന്നയാളുടെ പിടിവാശി മാത്രമാണെന്നു പൊതുസമൂഹത്തിന് ബോധ്യപ്പെട്ടതാണ്. ഒടുവില്‍ ദിലീപിന്റെ നേതൃത്വത്തില്‍ തീയേറ്റര്‍ ഉടമകളുടെ നേതൃത്വത്തില്‍ പുതിയ സംഘടനയോടെ നിലനില്‍പ്പില്ലാത ലിബര്‍ ബഷീര്‍ ദിലീപിനെതിരേ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തുന്നുണ്ട് എന്നത് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരവിഷയമാണ്. അതിന്റെ തുടര്‍ച്ചയായാണ് നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്നു പരോക്ഷ സൂചനകള്‍ നല്‍കിയുള്ള ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം. പള്‍സര്‍ സുനിയുടെ മൊഴി കൃത്യമായി പുറത്തുവന്ന സാഹചര്യത്തില്‍ ദിലീപിനെതിരെ നടക്കുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങള്‍ ഇവിടെ അവസാനിപ്പിക്കേണ്ടതാണ്. ദിലീപിനെ അടുത്തറിയാവുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ മനസ്സും നന്മയും തിരിച്ചറിയാന്‍ സാധിക്കും. അദ്ദേഹത്തെപ്പോലെ സമൂഹത്തിനുവേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന ഒരു മനുഷ്യനെ പൊതുസമൂഹത്തിനു മുന്നില്‍ കരിവാരിത്തേക്കാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങളില്‍നിന്നും ആസൂത്രിത നീക്കം നടന്നുവെന്ന് ഉറപ്പാണ്. ദിലീപ് എന്നത് മലയാള സിനിമയെ സംബന്ധിച്ച് കേവലം ഒരു നടന്‍ മാത്രമല്ല, വിവിധ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച് ഒട്ടനവധി പേര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന ഒരു പ്രസ്ഥാനമാണ്.

സഹപ്രവര്‍ത്തകരായ നിരവധി പേര്‍ക്ക് ഇന്നും അഭയകേന്ദ്രമാണ് അദ്ദേഹം. കൊച്ചിന്‍ ഹനീഫ അടക്കം മണ്‍മറഞ്ഞ എത്രയോ പ്രമുഖരുടെയും സാധാരണക്കാരുടെയും കുടുംബങ്ങള്‍ക്ക് ദിലീപ് കാരുണ്യത്തിന്റെ കൈത്താങ്ങുമായി എത്തുന്നുണ്ട്. മലയാള സിനിമ നിലനില്‍ക്കുന്ന കാലത്തോളം ദിലീപ് എന്ന താരത്തിന്റെ മഹത്വം നിലനില്‍ക്കുമെന്നതിലും തര്‍ക്കമില്ല. തന്റെ കാമുകിയായ ഷൈനി തോമസിനുവേണ്ടി അന്യായ മാര്‍ഗങ്ങളിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച് നല്‍കിയിട്ടുണ്ടെന്നു പള്‍സര്‍ സുനി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇപ്പോള്‍ തട്ടിക്കൊണ്ടുപോയ നടിക്കുമുന്നേ തട്ടിക്കൊണ്ടുപോകാന്‍ പ്ലാന്‍ ചെയ്തത് മറ്റൊരു നായിക റിമ കല്ലിങ്കലിനെ ആണെന്നും എന്നാല്‍ അത് നടന്നില്ല എന്നും സുനി പറഞ്ഞുകഴിഞ്ഞു. നേരത്തെ അഞ്ചോളം നടിമാരെ താന്‍ ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടിയിട്ടുണ്ടെന്നും സുനിയുടെ മൊഴിയില്‍ പറയുന്നു. വസ്തുതകള്‍ ഇതായിരിക്കേ പ്രതി സുനിയുടെ ഉദ്ദേശ്യം ബ്ലാക്ക് മെയില്‍ ചെയ്ത് പണം സമ്പാദിക്കുക മാത്രമാണെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ തട്ടിക്കൊണ്ടുപോയ നടി അയാളുടെ ഒരു ഇര മാത്രമാണ്. അല്ലാതെ ആ നടിക്കെതിരേ മറ്റാരും നല്‍കിയ ക്വട്ടേഷന്‍ ആകാന്‍ ഒരു സാഹചര്യവും ഇല്ലെന്നു പൂര്‍ണമായും വ്യക്തമാണ്. അതുകൊണ്ടുതന്നെ സംഭവത്തിന്റെ പേരില്‍ ദിലീപ് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ സംശയമുനയില്‍ നിര്‍ത്താനുള്ള ചിലരുടെ ആസൂത്രിത നീക്കം പരാജയപ്പെട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button