NewsIndia

നടിയെ ആക്രമിച്ചകേസ് ; വിവാദ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ : സുനിതാ കൃഷ്ണന്‍ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ നടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ സുപ്രീംകോടതിയില്‍. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ഫേസ്ബുക്ക് പേജ് തടയണമെന്ന് ആവശ്യപ്പെട്ടാണ് സുനിത കൃഷ്ണന്‍ കോടതിയെ സമീപിച്ചത്. തമിഴ് ഭാഷയിലുള്ള ഫേസ്ബുക്ക് പേജാണ് ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. പേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് സുനിത കൃഷ്ണന്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംഭവത്തില്‍ സുപ്രീം കോടതി ഫേസ്ബുക്കിനോട് വിശദീകരണം തേടി. പരാതി സുപ്രീം കോടതിയലെത്തിയതിന് പിന്നാലെ ഫേസ്ബുക്ക് പേജ് പിന്‍വലിച്ചു.
ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ തടയണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തക കോടതിയില്‍ ആവശ്യപ്പെട്ടു. നടിയെ അക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശം ഉണ്ടെന്നും ദൃശ്യങ്ങള്‍ ലഭിക്കുന്നതിനായി ബന്ധപ്പെടാം എന്ന രീതിയില്‍ ഒരു ഫോണ്‍ നമ്പറും പേജില്‍ നല്‍കിയിരുന്നു. സായി വിജയ് എം എസ് ഡി എന്ന വ്യക്തിയുടെ ഫേസ്ബുക് പേജില്‍ തമിഴ് ഭാഷയില്‍ ഇട്ടിരുന്ന പോസ്റ്റ് സുനിത കൃഷ്ണന്റെ അഭിഭാഷക അപര്‍ണ ഭട്ട് ആണ് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

സാമൂഹിക മാദ്ധ്യമങ്ങളിലുണ്ടാവുന്ന ഇത്തരം മനുഷ്യത്വരഹിതമായ രീതികള്‍ക്കെതിരെ നിയമപോരാട്ടത്തിനാണ് സുനിത കൃഷ്ണന്‍ ഒരുങ്ങുന്നത്. സുനിതയുടെ പരാതിയില്‍ ഉടന്‍ തന്നെ സുപ്രീം കോടതി ഫേസ്ബുക്കിനോട് വിശദീകരണം തേടി. ഇതോടെ പേജ് വളരെ പെട്ടെന്ന് തന്നെ പിന്‍വലിക്കുകയും ചെയ്തു. പ്രാദേശിക ഭാഷകളിലുള്ള അധിക്ഷേപകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് ഫലപ്രദമായ സംവിധാനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കും എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button