Cricket

സ്റ്റാര്‍ ഇന്ത്യ പിന്മാറുന്നു; ടീം ഇന്ത്യക്ക് സ്‌പോണ്‍സര്‍മാരാകാന്‍ പേടിഎമ്മും ജിയോയും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടീമിന്റെ ഓദ്യോഗിക ജഴ്‌സിയില്‍ നിന്ന് സ്റ്റാന്‍ ഇന്ത്യയുടെ പേര് ഒഴിവാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരായി തുടരാന്‍ സ്റ്റാര്‍ ഇന്ത്യക്ക് താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങളെക്കുറിച്ചുള്ള അവ്യക്തതയും ടീമിനെ നിയന്ത്രിക്കുന്ന ബിസിസിയുടെ തലപ്പത്ത് വന്ന മാറ്റങ്ങളുമാണ് സ്റ്റാര്‍ ഇന്ത്യയുടെ പിന്‍മാറ്റത്തിന് പിന്നിലെന്നാണ് വിവരം. ടീം ഇന്ത്യ ജേഴ്‌സിയുടെ സ്‌പോണ്‍സര്‍മാരാകുന്നതിനുള്ള രണ്ടാംഘട്ട ലേലത്തില്‍ കമ്പനി പങ്കെടുക്കില്ല. ടീം ഇന്ത്യ ജേഴ്‌സിയില്‍ ഞങ്ങളുടെ പേര് കാണുന്നത് വളരെ അഭിമാനമായിരുന്നു. എന്നാലിപ്പോള്‍ ഒരു അസ്ഥിരത നിലനില്‍ക്കുന്നു. അതിനാല്‍ ലേലത്തില്‍ പങ്കെടുക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചെന്നു സ്റ്റാര്‍ ഇന്ത്യ സി.ഇ.ഒ ഉദയ് ശങ്കര്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് വ്യക്തമാക്കി.

ബി.സി.സി.ഐക്ക് അടുത്തകാലത്ത് നേരിടേണ്ടിവന്ന നിയമപോരാട്ടങ്ങളും സുപ്രീംകോടതി നിയോഗിച്ച സമിതി ഭരണത്തില്‍ വന്നതുമൊക്കെയാണ് സ്റ്റാര്‍ ഇന്ത്യയുടെ പിന്‍മാറ്റത്തിന് കാരണമെന്ന് സൂചനയുണ്ട്. കോടതി നിയോഗിച്ച വിനോദ് റായിയാണ് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനായി പ്രവര്‍ത്തിക്കുന്നത്.

സ്റ്റാര്‍ ഇന്ത്യയും ബി.സി.സി.ഐയും തമ്മിലുള്ള കരാര്‍ ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയോടെ അവസാനിക്കും. സീനിയര്‍, ജൂനിയര്‍, വനിതാ ടീമുകളുടെ ജേഴ്‌സിയിലാണ് സ്‌പോണ്‍സര്‍ഷിപ്പ്. 2013 ഡിസംബറിലാണ് സഹാറയില്‍ നിന്ന് സ്റ്റാര്‍ ഇന്ത്യ സ്‌പോണ്‍സര്‍ഷിപ്പ് നേടിയത്.

പുതിയ സ്‌പോണ്‍സര്‍മാരായി മൊബൈല്‍ ഡിജിറ്റല്‍ രംഗത്തെ അതികായരെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ പേയ്‌മെന്റ് പോര്‍ട്ടലുകളില്‍ ഒന്നായ പേടീഎം സ്‌പോണ്‍സര്‍ സ്ഥാനത്തേക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ ബി.സി.സി.ഐ മത്സരങ്ങളുടെ സ്‌പോണ്‍സര്‍മാരാണ് പേടീഎം.ഇവര്‍ ടീം ഇന്ത്യയെ സ്‌പോണ്‍സര്‍ ചെയ്യാനും താല്‍പര്യം പ്രകടിപ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്താകമാനം ഇന്റര്‍നെറ്റ് സൗജന്യമായി കൊടുത്ത് വിപ്ലവം സൃഷ്ടിച്ച റിലയന്‍സിന്റെ ജിയോയാണ് ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധ്യതയുള്ള മറ്റൊരു കമ്പനി. ഏതായാലും ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പുതിയ സ്‌പോണ്‍സര്‍മാരുടെ പേര് എഴുതിയ ജേഴ്‌സിയുമായിട്ടാകും ടീം ഇന്ത്യ മൈതാനത്തിറങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button