Kerala

500 കിലോ കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയ ഈ മലയാളി ഉദ്യോഗസ്ഥന്റെ സേവനം ഇനി പ്രവാസികള്‍ക്കുവേണ്ടി

കൊച്ചി : 500 കിലോ കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയ ഈ മലയാളി ഉദ്യോഗസ്ഥന്റെ സേവനം ഇനി പ്രവാസികള്‍ക്കുവേണ്ടി. രാജ്യാന്തര സ്വര്‍ണക്കള്ളക്കടത്ത്‌ മാഫിയയെ തകർത്ത കൊച്ചി കസ്‌റ്റംസ്‌ കമ്മിഷണര്‍ ഡോ. കെ.എന്‍. രാഘവനെ സ്‌ഥലംമാറ്റി നോര്‍ക്ക റൂട്‌സ്‌ സി.ഇ.ഒ. ആയി  നിയമിച്ചു. സംസ്‌ഥാന സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം ഡെപ്യൂട്ടേഷനിലാണ്‌ നോര്‍ക്ക റൂട്ട്‌സിന്റെ സി.ഇ.ഒയായി ഡോ. കെ.എന്‍. രാഘവൻ ചുമതലയേൽക്കുന്നത്. നാലരവര്‍ഷ സർവ്വീസിനിടെ രാജ്യാന്തര വിപണിയില്‍ 150 കോടിയിലേറെ രൂപ വിലമതിക്കുന്ന 500 കിലോയിലേറെ കള്ളക്കടത്ത്‌ സ്വര്‍ണമാണ്‌ കെ.എന്‍. രാഘവൻ പിടികൂടിയത്. ഇത്കൂടാതെ മയക്കുമരുന്ന്‌, വനം, വന്യജീവി സമ്പത്ത്‌, പുരാവസ്‌തു കള്ളക്കടത്ത്‌, കള്ളനോട്ട്‌, വിദേശ കറന്‍സികള്‍, വിദേശ സിഗരറ്റുകള്‍ തുടങ്ങിയവയും ഇദ്ദേഹം പിടികൂടിയിട്ടുണ്ട്.

കസ്‌റ്റംസിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച സ്വര്‍ണവേട്ടകളില്‍ ഒന്നായിരുന്നു ഡോ. രാഘവന്റെ നേതൃത്വത്തില്‍ നടന്നത്‌. 2000 കിലോ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയ മൂവാറ്റുപുഴ കള്ളക്കടത്ത്‌ മാഫിയയെ തുറങ്കലിലടക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അന്വേഷണസംഘത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വിരുന്ന് നൽകിയ ശേഷമാണ് ഡോ. രാഘവന്‍ പടിയിറങ്ങിയത്‌.

മൂവാറ്റുപുഴ കള്ളക്കടത്ത്‌ സംഘത്തിന്റെ 500 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കസ്‌റ്റംസ്‌ കണ്ടുപിടിച്ച ശേഷം ഇതു കണ്ടുകെട്ടാനുള്ള ശക്‌തമായ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ്‌ രാഘവന്റെ സ്‌ഥലംമാറ്റം. കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ ഫായിസിനെ കുടുക്കിയതും അയാളെ കള്ളക്കടത്തിനു സഹായിച്ച കസ്‌റ്റംസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ മാധവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചതും ഡോ. രാഘവന്റെ ശക്‌തമായ ഇടപെടലുകള്‍കൊണ്ടാണ്‌.

വിമാനത്താവളത്തിലെയും വിമാനക്കമ്പനികളിലെയും ജീവനക്കാരുള്‍പ്പെടെ 36 പേരെ അറസ്‌റ്റ്‌ ചെയ്‌ത കേസില്‍ ഒമ്പതുപേര്‍ക്കെതിരേ കോഫെപോസ ചുമത്തി. ഇതില്‍ മുഖ്യ പ്രതി നൗഷാദും പോലീസുകാരനായ ജാബിനും ഉള്‍പ്പെടെ എട്ടുപേര്‍ ഒരുവര്‍ഷം കരുതല്‍തടങ്കലില്‍ കിടന്നു. ഈ കേസ്‌ ജുഡീഷ്യറിയെപ്പോലും സ്വാധീനിച്ച്‌ അട്ടിമറിക്കാനുള്ള നീക്കവും ഇദ്ദേഹം തടഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button