India

കനയ്യ കുമാറിനെതിരേ തെളിവില്ല

ന്യൂ ഡൽഹി : രാജ്യദ്രോഹകുറ്റത്തിന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടായിരുന്ന കനയ്യകുമാറിനെതിരെ തെളിവില്ല. ഡൽഹി പൊലീസ് തയ്യാറാക്കിയ കരട് കുറ്റപത്രത്തില്‍ കനയ്യകുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് പരാമര്‍ശമില്ലാതെ മര്‍ഖാലിദ്, അനിര്‍ബന്‍ ബട്ടാചാര്യ എന്നിവര്‍ക്കെതിരെയാണ് ഇപ്പോൾ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്.

രാജ്യദ്രോഹം,ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കരട് കുറ്റപത്രം പോലീസ് തയ്യാറാക്കിയത്. 40 വീഡിയോ ക്ലിപ്പുകളുടെ ഫോറന്‍സിക്ക് പരിശോധനയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 9ന് ജെഎന്‍യു ക്യാമ്പസില്‍ നടന്ന പരിപാടിക്കിടെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യ വിരുദ്ധമുദ്രാവാക്യം വിളിച്ചതായി പൊലീസ് ഉറപ്പിക്കുന്നു. ഡൽഹി പൊലീസ് കമ്മീഷണറുടെ പരിഗണനയിലുള്ള കുറ്റപത്രത്തിൽ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടായിരുന്ന കനയ്യകുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന്എവിടെയും പറയുന്നില്ല. എന്നാല്‍ അന്ന് നടന്ന സംഭവങ്ങളെ തടുക്കാന്‍ കനയ്യകുമാര്‍ ഇടപെടാത്തതിനാൽ കനയ്യകുമാറിനെതിരെ ഏത് വകുപ്പ് ചുമത്തണമെന്നുള്ളത് കോടതിക്ക് തീരുമാനിക്കാമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ഖാലിദ്, അനിര്‍ബന്‍ ബട്ടാചാര്യ എന്നിവര്‍ അഫ്‌സല്‍ ഗുരുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും,ഇന്ത്യ വിരുദ്ധ പോസ്റ്ററുകള്‍ ഒട്ടിച്ചെന്നും കരട് കുറ്റപത്രത്തില്‍ പൊലീസ് ആരോപിക്കുന്നു. ഇവരെകൂടാതെ പുറത്തു നിന്നുള്ള 9 പേരും ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ ചിലര്‍ കശ്മീര്‍ സ്വദേശികളെന്നാണ് സൂചന.

ജെഎന്‍യു ഭരണസമിതിയും, എബിവിപി, ഡിഎസ്‌യു സംഘടനകളില്‍ പെട്ട വിദ്യാര്‍ത്ഥികളുമാണ് സംഭവത്തിലെ ദൃക്‌സാക്ഷികളായി പൊലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കേസില്‍ ഇതുവരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന് ആരോപിച്ച് എബിവിപി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button